ഓപ്പറേഷൻ ഡി ഹണ്ട്: 15 കേസുകൾ
1531434
Sunday, March 9, 2025 11:44 PM IST
തൊടുപുഴ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വ്യാപകപരിശോധന നടത്തി. ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഡിവൈഎസ്പി മാർ, എസ്എച്ച്ഒമാർ, ഡോഗ് സ്ക്വാഡ്, ലഹരി വിരുദ്ധ ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
308 പേരെ പരിശോധിച്ചതിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തു.15 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ആറുപേരെ റിമാൻഡ് ചെയ്തു. 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലഹരി മാഫിയയ്ക്കെതിരേ കർശന നടപടികൾ തുടരുമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചുറ്റുപാടുകളിൽ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ 9995966666 എന്ന വാട്സ്ആപ്പ് നന്പറിലേക്ക് സന്ദേശം അയയ്ക്കണം. സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായിസൂക്ഷിക്കും. ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നന്പരിലും അറിയിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
കട്ടപ്പന: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പോലീസും ഡോഗ് സ്ക്വാഡും കട്ടപ്പന നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. പോലീസ് നായ ബ്രൂസാണ് പരിശോധനക്ക് എത്തിയത്. ലോഡ്ജുകളും ഇതര സംസ്ഥാനക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളും തൊഴിലാളി ലയങ്ങളും പരിശോധിച്ചു. ഞായറാഴ്ച രാവിലെ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തി. തുടർന്ന്, തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങളും പരിശോധിച്ചു.
കഴിഞ്ഞ ഒരുമാസത്തിനിടെ ഏഴു കഞ്ചാവ് കേസുകളാണ് കട്ടപ്പന സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച മൂന്നു ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകൻ,തങ്കമണി എസ്എച്ച്ഒ എം.പി. എബി, കട്ടപ്പന പ്രിൻസിപ്പൽ എസ്ഐ എബി ജോർജ് എന്നിവരുടെ നേതൃ മുപ്പതോളം ഉദ്യോഗസ്ഥർ പങ്കെടുത്തു.