ഗൃഹനാഥൻ ചികിത്സാസഹായം തേടുന്നു
1531443
Sunday, March 9, 2025 11:44 PM IST
രാജാക്കാട്: നിർധന ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. രാജാക്കാട് ആദിത്യപുരം കോളനിയിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ സതീഷ് (42) ആണ് തുടർ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നത്. മാങ്കുളത്ത് സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു സതീഷ്.
2024 ഫെബ്രുവരിയിൽ ചുമയ്ക്ക് മരുന്ന് വാങ്ങാൻ അടിമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പോയ സതീഷിന് ഇൻജക്ഷൻ എടുത്തതിനെത്തുടർന്ന് അസ്വസ്ഥത ഉണ്ടാവുകയും ശരീരത്തിൽ നീരു വയ്ക്കുകയും ഭാഗികമായി തളർന്നുപോകുകയും ചെയ്തു. തുടർന്ന് അടിമാലി, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുകയും രോഗശമനം ഉണ്ടാകാത്തതിനെത്തുടർന്ന് ആലുവയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
സതീഷിന് ജിബി സിൻഡ്രമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അവിടെ 28 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടി. 13 മാസത്തെ ചികിത്സയ്ക്കിടയിൽ മാങ്കുളത്തുണ്ടായിരുന്ന സ്ഥലവും കിടപ്പാടവും വിറ്റു. ഇതിനിടയിൽ മാങ്കുളത്തും മുൻപ് താമസിച്ചിരുന്ന ആനച്ചാലിലും ഉള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ഫണ്ട് ശേഖരിച്ചാണ് ചികിത്സ നടത്തിയത്. പിന്നീട് ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് ചികിത്സ മാറ്റി.
മരുന്നുകളും വിലപിടിപ്പുള്ള ഇൻജക്ഷനും പുറത്തുനിന്ന് വാങ്ങേണ്ടി വന്നതിനാൽ മാങ്കുളത്തുനിന്നു രാജാക്കാട് ആദിത്യപുരം കോളനിയിലുള്ള ഭാര്യവീട്ടിലേക്ക് താമസം മാറ്റി. ഇപ്പോൾ മാസത്തിൽ ഒരിക്കൽ 60,000 രൂപ ചെലവുവരുന്ന ഇൻജക്ഷനും 20,000 രൂപയുടെ മരുന്നുകളും ആവശ്യമുണ്ട്.
വൻകുടൽ മുറിച്ച് വയറിന്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന കൊളസ്ട്രം ബാഗിലാണ് വിസർജ്യം ശേഖരിച്ച് കളയുന്നത്. മൂത്രം പോകുന്നതിനായി യൂറിൻ ബാഗും ഉപയോഗിച്ചാണ് ഇക്കാലമത്രയും കഴിഞ്ഞത്. 10 കൊളസ്ട്രം ബാഗിന് 9,000 രൂപ നൽകണം. ഞരന്പുകൾക്ക് ബലക്കുറവുള്ളതിനാൽ ഇപ്പോൾ ഓട്ടോ റിക്ഷ ഓടിക്കാൻ കഴിയുന്നില്ല. കാഴ്ചക്കുറവുമുണ്ട്. സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്വന്തമായുണ്ടായിരുന്ന ഓട്ടോറിക്ഷയും അടുത്ത നാളിൽ വിറ്റു.
അടിമാലിയിലുള്ള ഒരു മെഡിക്കൽ ഷോപ്പിൽനിന്ന് കുറെക്കാലം കടമായി മരുന്നുകൾ ലഭിച്ചെന്നും കഴിഞ്ഞ ആഴ്ച മുതൽ അതിന് മുടക്കം വന്നതായും സതീഷ് പറയുന്നു.
ഭാര്യ മഞ്ജു, വയോധികയായ അമ്മ ശാന്ത, ഭാര്യാമാതാവ് അമ്മിണി, ഒൻപത്,ആറ്, ഒന്ന് ക്ലാസുകളിൽ പഠിക്കുന്ന മക്കൾ എല്ലാവരും ആദിത്യപുരം കോളനിയിലെ രണ്ടു മുറി വീട്ടിലാണ് കഴിഞ്ഞുകൂടുന്നത്. അമ്മിണി കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനവും റേഷൻ അരി ലഭിക്കുന്നതുമാണ് ഇപ്പോൾ ആശ്വാസം.
ചികിത്സാച്ചെലവുകൾ നടത്താനുള്ള തുക കണ്ടെത്തുന്നതിനായി സുമനസുകളുടെ സഹായം അഭ്യർഥിക്കുകയാണ് സതീഷിന്റെ കുടുംബം. സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ ഫെഡറൽ ബാങ്ക് മാങ്കുളം ശാഖയിലെ 22180100057854 എന്ന അക്കൗണ്ട് നന്പരിൽ സഹായം എത്തിക്കണം. ഐ എഫ്എസ്സി കോഡ്: എഫ്ഡിആർഎൽ 0002218, ഫോണ്: 8078494261