നഗരസഭാ ഭരണം പിടിക്കാൻ തന്ത്രമൊരുക്കി യുഡിഎഫ്
1531419
Sunday, March 9, 2025 8:30 AM IST
തൊടുപുഴ: നഗരസഭയിൽ ഭരണത്തിലെത്താനുള്ള നീക്കങ്ങൾ രണ്ടു തവണ പാളിപ്പോയതിനാൽ ഇത്തവണ എന്തു വില കൊടുത്തും ചെയർപേഴ്സണ്‍ സബീന ബിഞ്ചുവിനെതിരേയുള്ള അവിശ്വാസം വിജയിപ്പിച്ച് ഭരണം പിടിക്കാനുള്ള ശ്രമത്തിൽ യുഡിഎഫ് നേതൃത്വം. കഴിഞ്ഞ തവണ ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിൽ ഭരണം ഉറപ്പിച്ച യുഡിഎഫിനെ അവസാനനിമിഷത്തിൽ അട്ടിമറിച്ച മുസ്ലിം ലീഗ് ഇത്തവണ ഒന്നിച്ചുനിൽക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്നാൽ മുസ്ലിം ലീഗ് ഇത്തവണ ഒപ്പംനിൽക്കുമെന്നും ചെയർപേഴ്സന്റെ പ്രവർത്തനത്തിൽ അതൃപ്തിയുള്ള എൽഡിഎഫ്, ബിജെപി അംഗങ്ങളും അവിശ്വാസത്തെ അനുകൂലിക്കുമെന്നാണ് യുഡിഎഫ് ഘടകകക്ഷികളായ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കരുതുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണത്തിലെത്താമെന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റിരുന്നു. ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസ് വിമതനായി മൽസരിച്ച സനീഷ് ജോർജിനെയും മുസ്ലിം ലീഗ് സ്വതന്ത്ര ജെസി ജോണിയെയും ഒപ്പം ചേർത്ത് എൽഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. സനീഷ് ജോർജ് ചെയർമാനാകുകയും ചെയ്തു. പിന്നീട് ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു.
പിന്നീട് ഏതാനും മാസങ്ങൾക്കു മുന്‍പ് സനീഷ് ജോർജ് കൈക്കൂലിക്കേസിൽ ആരോപണ വിധേയനായതോടെ സ്ഥാനത്തുനിന്നു രാജി വയ്ക്കേണ്ടി വന്നു. എൽഡിഎഫ് തന്നെ ചെയർമാനെതിരേ അവിശ്വാസം കൊണ്ടുവന്നെങ്കിലും ഇതു ചർച്ചയ്ക്കെടുക്കുന്നതിനു മുന്‍പ് രാജി വയ്ക്കുകയായിരുന്നു.
എന്നാൽ പിന്നീട് വന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്-ലീഗ് തർക്കം മൂലം അരികെയെത്തിയ പദവി കപ്പിനും ചുണ്ടിനുമിടയിൽ യുഡിഎഫിന് നഷ്ടപ്പെട്ടു. ചെയർമാൻ പദവി വീതം വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുസ്ലിം ലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തതോടെ സബീന ബിഞ്ചു ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തേ 35 അംഗ കൗണ്‍സിലിൽ എൽഡിഎഫ് 15, യുഡിഎഫ് 12, ബിജെപി എട്ട് എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. എൽഡിഎഫിനെ പിന്തുണച്ചിരുന്ന 11-ാംവാർഡ് കൗണ്‍സിൽ മാത്യു ജോസഫിനെയും ഒന്‍പതാം വാർഡ് കൗണ്‍സിലറും മുൻ വൈസ് ചെയർപേഴ്സനുമായിരുന്ന ജെസി ജോണിയെയും ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെ രണ്ടു സീറ്റുകൾ കുറഞ്ഞ് എൽഡിഎഫും 13 എന്ന നിലയിലെത്തി.
എൽഡിഎഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് കൈക്കൂലിക്കേസിൽ അകപ്പെട്ട് രാജിവയ്ക്കുകയും സ്വതന്ത്രനായെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ എൽഡിഎഫ് അംഗങ്ങൾ 12 ആയി ചുരുങ്ങി.
അതേസമയം ജെസി ജോണയെ അയോഗ്യയാക്കിയതിനെത്തുടർന്ന് ഒന്‍പതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയും ചെയ്തതോടെ യുഡിഎഫിന്റെ അംഗബലം 13 ആയി ഉയർന്നു.
രാജിവച്ചതിനു ശേഷം കഴിഞ്ഞ തവണത്തെ ചെയർമാൻ തെരഞ്ഞെടുപ്പിലടക്കം യുഡിഎഫിനൊപ്പമായിരുന്നു സനീഷ് ജോർജ്. ഇത്തവണ അവിശ്വാസപ്രമേയത്തെ പിന്തുണച്ച് സനീഷ് ജോർജും ഒപ്പിട്ടതായാണ് വിവരം. ഇതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത സിപിഎം സ്വതന്ത്രയുടെയും കഴിഞ്ഞ ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫുമായി അകന്നുനിൽക്കുന്ന രണ്ട് സ്വതന്ത്ന്മാരുടെയും പിന്തുണയും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.
ഇതിനിടെ കഴിഞ്ഞ ദിവസം വഴിവിളക്കിനെച്ചൊല്ലി ബിജെപി നേതാക്കളും ചെയർപേഴ്സണും തമ്മിൽ വാഗ്വാദം ഉണ്ടായിരുന്നു.
അതിനാൽ ചില ബിജെപി അംഗങ്ങളും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാൽ അവിശ്വാസം പരാജയപ്പെട്ടാൽ അത് നഗരസഭയിലെ യുഡിഎഫ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.