സ്കൂൾ വാർഷികം ബഹിഷ്കരിച്ച് എൽഡിഎഫ് ജനപ്രതിനിധികൾ
1514498
Sunday, February 16, 2025 12:21 AM IST
ചെറുതോണി: കോണ്ഗ്രസ് പ്രതിനിധിയായ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ സ്കൂൾ വാർഷികത്തിന്റെ ഉദ്ഘാടകയാക്കിയത് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സിപിഎം പ്രതിനിധികളെ ചൊടിപ്പിച്ചു. എതിർപ്പ് പരസ്യമാക്കി എൽഡിഎഫ് അംഗങ്ങൾ കൂട്ടത്തോടെ ഉദ്ഘാടന സമ്മേളനം ബഹിഷ്കരിച്ച് സ്കൂൾ അധികൃതരോട് പകരം വീട്ടി. 150ൽപ്പരം കുരുന്നുകൾ പഠിക്കുന്ന വാഴത്തോപ്പ് ഗവ.എൽപിസ്കൂൾ വാർഷികമാണ് എൽഡിഎഫ് നേതൃത്വം രാഷ്ട്രീയ ചേരിതിരിവിന്റെ വേദിയാക്കിയത്.
ജില്ലാ ആസ്ഥാനത്തെ പ്രധാന ഗവ.എൽപി സ്കൂളാണിത്. മികവുറ്റ അടിസ്ഥാന സൗകര്യങ്ങളോടെ ഉയർന്ന അക്കാദമിക് നിലവാരത്തിലുള്ള വിദ്യാലയം കൂടിയാണിത്. കഴിഞ്ഞ 13നായിരുന്നു സ്കൂർ വാർഷികം. ഉദ്ഘാടകയായി ഇടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും മുഖ്യ പ്രഭാഷകനായി വാഴത്തോപ്പ് പഞ്ചാത്ത് പ്രസിസന്റിനെയുമാണ് നിശ്ചയിച്ചിരുന്നത്.
നേരത്തേ തന്നെ നോട്ടീസ് അച്ചടിച്ച് ജനപ്രതിനിധികളെ മുൻകൂട്ടി ക്ഷണിക്കുകയും ചെയ്തിരുന്നു.എന്നാൽ സ്ഥലത്തുണ്ടായിട്ടും ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡന്റും എൽഡിഎഫ് അംഗങ്ങളും എത്തിയില്ല.
കൂട്ടത്തോടെ എൽഡിഎഫ് നേതാക്കൾ വരാതിരുന്നതോടെയാണ് രാഷ്ട്രീയ ബഹിഷ്കരണമാണെന്ന് സ്കൂൾ അധികൃതർ തിരിച്ചറിഞ്ഞത്. ജനപ്രതിനിധികളുടെ നടപടി വ്യാപക വിമർശനത്തിന് കാരണമായിരിക്കയാണ്. ജനപ്രതികളുടെ വികലമായ നടപടി രക്ഷിതാക്കളിൽ പ്രതിഷേധവും അധികൃതർക്ക് നിരാശയും സമ്മാനിച്ചെങ്കിലും വാർഷികത്തിൽ പങ്കെടുത്ത കുരുന്നുകൾക്ക് ഈ കല്ലുകടി മനസിലാക്കാനായില്ല. ഏറെ ഒരുക്കത്തോടെ ആഘോഷമായി സംഘടിപ്പിച്ച സ്കൂൾ വാർഷികത്തിന് രാഷ്ട്രീയ നിറം നൽകിയ എൽഡിഎഫ് നടപടി ആക്ഷേപത്തിന് കാരണമായിരിക്കുകയാണ്.