ഓട്ടോ ഡ്രൈവർക്ക് മർദനം: സിഐയെ വെള്ളപൂശി റിപ്പോർട്ട്
1514497
Sunday, February 16, 2025 12:21 AM IST
നെടുങ്കണ്ടം: പുതുവൽസര രാത്രിയിൽ കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദിച്ച സിഐയെ വെള്ളപൂശി വീണ്ടും ഡിവൈഎസ്പിയുടെ റിപ്പോർട്ട്. കൂട്ടംകൂടി നിന്ന ആളുകളെ പിരിച്ചു വിടാൻ നിയമപരമായി ബലം പ്രയോഗിച്ചതെന്നാണ് ഇടുക്കി എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. മദ്യപിച്ച് കൂട്ടംകൂടി നിന്ന ആളുകളെ പിരിച്ചുവിടുന്നതിനിടയിലാണ് മുരളീധരന് മർദനം ഏറ്റതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രണ്ട് എസ്ഐമാർ ഉൾപ്പെട്ട സംഘം ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ വന്നതിനെത്തുടർന്നാണ് സിഐ എത്തിയത്. സിഐക്കെതിരേ നടപടി ആവശ്യമില്ലെന്നും ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കന്പംമെട്ട് സിഐ ഷമീർഖാനെ സംരക്ഷിച്ച് കേസ് തേച്ചുമാച്ച് കളയാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് മർദനമേറ്റ മുരളീധരന്റെ ആരോപണം.സിഐയുടെ മർദനത്തിൽ മുരളീധരന്റെ പല്ല് നഷ്ടപ്പെട്ടിരുന്നു. ഇതിനെനെതിരേ മുഖ്യമന്ത്രിയെയും കോടതിയെയും സമീപിക്കാനാണ് മുരളീധരന്റെ നീക്കം. ഇദ്ദേഹത്തെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.