ആവേശം വിതറി റാലിയും കാലാവസ്ഥാ ഉച്ചകോടിയും
1514495
Sunday, February 16, 2025 12:21 AM IST
മുരിക്കാശേരി: ആവേശം അലയടിച്ച പ്രകൃതി സംരക്ഷണ ബോധവത്കരണ റാലിയോടെ ഇടുക്കി രൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ സ്വാശ്രയ സംഘങ്ങളുടെ ഫെഡറേഷൻ വാർഷികവും കാലാവസ്ഥാ ഉച്ചകോടിയും നടത്തി. സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽനിന്നാരംഭിച്ച റാലി മന്ത്രി റോഷി അഗസ്റ്റിൻ ഫ്ളാഗ് ഓഫ് ചെയ്തു.
മാറുന്ന കാലാവസ്ഥയും മാറേണ്ട നമ്മളും എന്ന മുദ്രാവാക്യവുമായി പാവനാത്മ കോളജിലേക്ക് നടത്തിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും റാലിക്ക് കൊഴുപ്പേകി. തുടർന്നു നടന്ന സെമിനാർ ജോയി ആന്റണി നയിച്ചു.
സമ്മേളനം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
എച്ച്ഡി എസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിയുടെ ലോഞ്ചിംഗും ജില്ലാ കളക്ടർ നിർവഹിച്ചു.
എച്ച്ഡിഎസ് പ്രസിഡന്റ് മോണ്.ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണവും സജീവം ആന്റി ഡ്രഗ് കാന്പയിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം നബാർഡ് ജില്ലാ ഡവലപ്മെന്റ് മാനേജർ എം.എസ്. അരുണും വായ്പാമേളയുടെ ഉദ്ഘാടനം കെഎസ്ബിസിഡിസി ജില്ലാ മാനേജർ എ. റിയാസും നിർവഹിച്ചു.
എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുകുന്നേൽ, ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ സ്വാശ്രയസംഘം ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞമ്മ തോമസ്, മുരിക്കാശേരി പള്ളി വികാരി ഫാ. ജോസ് നരിതൂക്കിൽ, സജീവം പ്രോജക്ട് സംസ്ഥാന കോ-ഓർഡിനേറ്റർ സജോ ജോയി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തെത്തുടർന്ന് സംഘാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.