കുമളിക്ക് ജനറൽ ആശുപത്രി ; ആവശ്യം ശക്തമാക്കി ജനകീയസമിതി
1514494
Sunday, February 16, 2025 12:21 AM IST
കുമളി: കേരളത്തിന്റെ കവാടവും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവുമായ കുമളിയിൽ സർക്കാർ ജനറൽ ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിനാളുകൾ ദിവസവും വന്നുപോകുന്ന ടൗണാണ് കുമളി. അതുപോലെ ലോകപ്രസിദ്ധ ടൂറിസം കേന്ദ്രമായ തേക്കടിയിലേക്കുള്ള കവാടപട്ടണവും. ഈ ടൗണിനെ ആശ്രയിച്ച് ജീവിക്കുന്ന കർഷകരും തൊഴിലാളികളും അടങ്ങിയ ആയിരക്കണക്കിന് ആളുകൾ ചുറ്റുപാടുമുണ്ട്. എന്നാൽ, സർക്കാർതലത്തിൽ ഇനിയും മികച്ച ചികിത്സാസൗകര്യങ്ങൾ കുമളിയിലും പരിസരത്തും ലഭ്യമല്ല. കുമളി ഫാമിലി ഹെൽത്ത് സെന്റർ മാത്രമാണ് സർക്കാർ മേഖലയിൽ ആശ്രയം.
തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ആന്ധ്ര, തെലുങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളംകൂടിയായ കുമളിയിൽ ആധുനിക സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രി അടിയന്തര ആവശ്യമാണ് ജനകീയ സമിതി ചൂണ്ടിക്കാട്ടുന്നു.
ജീവൻ വച്ചുള്ള കളി
കുമളിക്ക് ഒരു ജനറൽ ആശുപത്രി എന്ന ആവശ്യവുമായി ജനകീയസമിതി പോരാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, ഇതുവരെയും അധികൃതർ കനിഞ്ഞിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാൽ ചികിത്സ തേടി തമിഴ്നാട്ടിലെ തേനിയിലേക്കോ അല്ലെങ്കിൽ കോട്ടയത്തേക്കോ പോകേണ്ട സ്ഥിതിയാണ്. ഇവിടെനിന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് 65 കിലോമീറ്ററും കോട്ടയം മെഡിക്കൽ കോളജിലേക്ക് 115 കിലോമീറ്ററും ദൂരമുണ്ട്.
തേക്കടി ബോട്ട് ദുരന്തവും പുല്ലുമേട് ദുരന്തവുമൊക്കെ ഉണ്ടായപ്പോഴാണ് കുമളിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സർക്കാർ ആശുപത്രി ഇല്ലാത്തതിന്റെ പോരായ്മ സമൂഹം തിരിച്ചറിഞ്ഞത്. നിലവിലെ ഫാമിലി ഹെൽത്ത് സെന്റർ ജനറൽ ആശുപത്രിയായി ഉയർത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ജനറൽ ആശുപത്രി വന്നാൽ
ജനറൽ ആശുപത്രിവന്നാൽ 24 മണിക്കൂറും ചികിത്സ കിട്ടുമെന്നു ജനകീയ സമിതി പറയുന്നു. അതുപോലെ സ്പെഷാലിറ്റി വിഭാഗങ്ങളും തുടങ്ങാനാകും. ആയിരക്കണക്കിനു തീർഥാടകരും ടൂറിസ്റ്റുകളുമടക്കം വരുന്ന ടൗണിൽ ഇത് അടിയന്തര ആവശ്യമാണ്. തക്കസമയത്ത് ചികിത്സ കിട്ടാതെ മരിച്ച നിരവധി പേരുടെ കഥ കുമളിക്കും പരിസരത്തുമുള്ളവർക്കു പറയാനുണ്ട്. ചികിത്സാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ തുടരാൻ തീരുമാനിച്ചിരിക്കുകയാണ് "കുമളിക്കൊരു ആശുപത്രി ജനകീയ കൂട്ടായ്മ'.