അപൂർവ ശസ്ത്രക്രിയയുമായി മുതലക്കോടം ആശുപത്രി
1514492
Sunday, February 16, 2025 12:21 AM IST
തൊടുപുഴ: അതിസങ്കീർണമായ തോൾസന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. അപൂർവമായ ശസ്ത്രക്രിയയിലൂടെ കുടയത്തൂർ സ്വദേശി ജോജോ കുര്യക്കോസ് (45) വർഷങ്ങൾ നീണ്ടുനിന്ന വേദനയിൽനിന്നു മോചിതനായി.
പതിനഞ്ച് വർഷം മുന്‍പുണ്ടായ വാഹനാപകടത്തെത്തുടർന്ന് ജോജോയുടെ വലതു തോളിന് പരിക്കേൽക്കുകയും ക്രമേണ വേദന കൂടി വരികയും ആർത്രൈറ്റിസ് മൂലം വലതു കൈ ചലിപ്പിക്കാനും ഉയർത്താനും പ്രയാസപ്പെടുന്ന അവസ്ഥയിലായി. നിരവധി ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് ഹോളി ഫാമിലി ആശുപത്രിയിൽ എത്തിയത്.
ഓർത്തോപീഡിക് ആന്റ് ജോയിന്റ് റീപ്ലേസ്മെന്റ് സർജനായ ഡോ. ജോജിൻ ജോസ് ചിറ്റേൻ നടത്തിയ പരിശോധനയിൽ തോൾസന്ധി പൂർണമായും ദ്രവിച്ച അവസ്ഥയിലായതിനാൽ സാധാരണ ചെയ്യുന്ന ശസ്ത്രക്രിയകളിലൂടെ പൂർണമായ വേദന നിവാരണവും സ്വാഭാവിക ചലനവും ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അത്യപൂർവമായ ടോട്ടൽ ഷോൾഡർ ആർത്രോപ്ലാസ്റ്റി ചെയ്യുകയുമായിരുന്നു.
ഡോ.ജോജിൻ ജോസ് ചിറ്റേൻ, അനസ്തെറ്റിസ്റ്റ് ഡോ. വിനു ജോസ്, സ്റ്റാഫ് നഴ്സുമാരായ പ്രശാന്ത്, സിസ്റ്റർ ജീസ്, റെമി എന്നിവർ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് വലതുകൈയുടെ ചലനശേഷി പൂർണമായി തിരിച്ചു കിട്ടുകയും വേദനയിൽനിന്ന് മുക്തി നേടുകയും ചെയ്തു.
അപകടത്തെത്തുടർന്ന് ഉപജീവനമാർഗമായിരുന്ന കട ജോജോ വിറ്റിരുന്നു.
ദുരിതത്തിൽനിന്നു മോചിതനായതോടെ പുതിയ കട തുടങ്ങി ജീവിതം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.