ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം: പ്രതി പിടിയിൽ
1514491
Sunday, February 16, 2025 12:21 AM IST
വണ്ണപ്പുറം: കാപ്പിക്കുരുവും അടയ്ക്കയും മോഷണം നടത്തി റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ പോലീസ് പിടിയിൽ. വണ്ണപ്പുറം കാപ്പിലാംചുവട് സ്വദേശി ഓലിക്കൽ ഷിഹാബി (38) നെയാണ് കാളിയാർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കവർച്ച നടത്തി ഒളിപ്പിച്ചിരുന്ന റബർ ഷീറ്റും ഒട്ടുപാലും പോലീസ് കണ്ടെടുത്തു. പ്രതിയുടെ വീടിനടുത്തുള്ള തോടിന്റെ അരികിൽ ഒളിപ്പിച്ചിരുന്ന സാധനങ്ങൾ കഴിഞ്ഞ ദിവസമാണ് കണ്ടെടുത്തത്.
വണ്ണപ്പുറം കാപ്പിലാംചുവട് കരിന്തോളിൽ ടാജു മോന്റെ വീട്ടിൽനിന്നു മോഷണം പോയവയാണിതെന്ന് പോലീസ് പറഞ്ഞു. ഒൻപതിനായിരം രൂപ വില വരുന്ന ഉത്പന്നങ്ങളാണ് മോഷ്ടിച്ചത്.
കഴിഞ്ഞ ജനുവരി 18ന് രാത്രി മുണ്ടൻമുടി തോട്ടുങ്കൽ മാത്യുവിന്റ വീട്ടിൽനിന്ന് ഷിഹാബും ഇയാളുടെ സഹായിയായ അശ്വിനും ചേർന്ന് 60 കിലോ കാപ്പിക്കുരുവും ഉണങ്ങാനിട്ടിരുന്ന അടയ്ക്കയും മോഷ്ടിച്ചിരുന്നു.
ഈ കേസിൽ ഇരുവരും റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങി റബർ ഷീറ്റ് മോഷ്ടിച്ചത് ശിഹാബ് തനിച്ചാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.