ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു
1514490
Sunday, February 16, 2025 12:21 AM IST
മൂന്നാർ: ഓടിക്കൊണ്ടിരുന്ന കാറിനു നേരേ കാട്ടാനയുടെ ആക്രമണം. ആന കൊന്പിനു കുത്തി മറിച്ച കാർ റോഡിലേക്ക് മറിഞ്ഞെങ്കിലും കാറിനുള്ളിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ട് ലിവർപൂൾ സ്വദേശികളായ നാലുപേരും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 11 ഓടെ കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ മൂന്നാറിൽനിന്നു ദേവികുളത്തേക്കുള്ള വഴിയിൽ സിഗ്നൽ പോയിന്റിനു സമീപമായിരുന്നു സംഭവം.
റോഡിന്റെ വശത്തുള്ള വനത്തിൽനിന്നു ഇറങ്ങിവന്ന കാട്ടാന പൊടുന്നനെ കാർ റോഡിലേക്ക് തള്ളി മറിച്ചിടുകയായിരുന്നു.
പിന്നീട് റോഡിന്റെ ഒരു ഭാഗത്തുള്ള ചരിവിലൂടെ ആന നടന്നുനീങ്ങി. ഇതോടെ സ്ഥലത്തെത്തിയ ആർആർടി സംഘം കാട്ടാനയെ കാട്ടിലേക്ക് തുരത്തി. മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ അതുവഴി എത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും ചേർന്ന് പുറത്തെത്തിച്ചു.
മൂന്നാറിൽനിന്നു തേക്കടിയിലേക്ക് പോകുകയായിരുന്നു വിനോദസഞ്ചാരികൾ. കാർ മറിച്ചിട്ട കാട്ടാന ഒരു പശുവിനെയും ചവിട്ടി കൊന്നു.
പ്രദേശത്ത് ഇതുവരെ കാണാത്ത ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം.
കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തുന്ന പടയപ്പയ്ക്കു പിന്നാലെ മറ്റൊരു ആന വാഹനത്തെ പട്ടാപ്പകൽ ആക്രമിച്ചതോടെ സഞ്ചാരികളും പ്രദേശവാസികളും ഭീതിയിലാണ്.