മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല കവർന്നു
1514489
Sunday, February 16, 2025 12:21 AM IST
തൊടുപുഴ: തോട്ടിൽ കുളിക്കാനായി പോയ വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം രണ്ടു പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാക്കൾ കടന്നു. കുളിക്കടവിനു സമീപം മരച്ചീനി തോട്ടത്തിൽ ഒളിച്ചിരുന്ന മോഷ്ടാക്കൾ സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നത്. സംഭവത്തിൽ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മണക്കാട് ചെറുകാട്ടുപാറയ്ക്കു സമീപം വെള്ളിയാച്ച നാലോടെയായിരുന്നു സംഭവം.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ വീട്ടമ്മ ഭർതൃമാതാവിനും കുട്ടിയോടുമൊപ്പമാണ് തോട്ടിൽ തുണിയലക്കാനും കുളിക്കാനുമായി പോയത്. ഭർതൃമാതാവും കുട്ടിയും കുളി കഴിഞ്ഞു പോയതിനു ശേഷം വീട്ടമ്മ തനിച്ചാണ് ഇവിടെയുണ്ടായിരുന്നത്. ഇതിനിടെയാണ് ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് അപ്രതീക്ഷിതമായി മുളകു പൊടിയെറിഞ്ഞ് മാല പൊട്ടിച്ചത്. വീട്ടമ്മ പിന്നാലെ ഓടിയെങ്കിലും ഇയാൾ സ്ഥലത്തുനിന്നു രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽനിന്നു ലഭിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അപരിചിതരായ രണ്ടുപേർ ഹെൽമറ്റ് ധരിച്ച് പ്രദേശത്തു കൂടി നടന്നുവരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവരാണ് മോഷണം നടത്തിയതെന്നാണ് പ്രദേശവാസികളുടെ സംശയം. വിവരമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
സ്ഥലത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തി വരികയാണെന്ന് തൊടുപുഴ എസ്ഐ എൻ.എസ്. റോയി പറഞ്ഞു.