എസ്എസ്എൽസിക്ക് 11,229 പേർ; വിദ്യാർഥികൾ പരീക്ഷാച്ചൂടിൽ
1514487
Sunday, February 16, 2025 12:21 AM IST
തൊടുപുഴ: കടുത്ത വേനലിനൊപ്പം വിദ്യാർഥികൾക്ക് പരീക്ഷാച്ചൂടും. ഇന്നലെ മുതൽ പരീക്ഷകൾക്ക് തുടക്കമായതോടെ വിദ്യാർഥികൾ പഠനവും റിവിഷനുമായി തിരക്കിലാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ മുതൽ ആരംഭിച്ചു. അടുത്തയാഴ്ച സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും തുടങ്ങും.
മാർച്ച് മൂന്നു മുതൽ 26 വരെയാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. എസ്എസ്എൽസി മോഡൽ പരീക്ഷകൾ നാളെ മുതൽ 21 വരെയാണ് നടക്കുന്നത്. പ്ലസ്ടു പൊതുപരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കും. പരീക്ഷകൾ പടിവാതിൽക്കൽ എത്തിയതോടെ വിദ്യാർഥികൾ പഠനത്തിരക്കിലായതിനൊപ്പം ഇവരെ ഇതിനുവേണ്ടി ഒരുക്കുന്ന തിരക്കിലാണ് രക്ഷിതാക്കളും അധ്യാപകരും.
മുന്നൊരുക്കവുമായി സ്കൂളുകൾ
ജില്ലയിൽ 11,229 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ക്ലാസ് ടെസ്റ്റുകളും റിവിഷനുമൊക്കെ നടത്തിയും പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകിയും പരീക്ഷയുടെ മുന്നൊരുക്കങ്ങളുടെ തയാറെടുപ്പിലാണ് എല്ലാ സ്കൂളുകളും. വിവിധ സ്കൂളുകളിൽ പത്താം ക്ലാസുകാർക്കായി രാവിലെയും വൈകുന്നേരവും അധികസമയം ക്ലാസുകൾ നടത്തുന്നുണ്ട്. കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാനും അവർക്കു ആത്മവിശ്വാസം പകരാനും വേണ്ട മാർഗനിർദേശങ്ങളും കൗണ്സലിംഗും സ്കൂളുകളിൽ നൽകിവരുന്നുണ്ട്. പിടിഎയുടെയും മറ്റും നേതൃത്വത്തിലാണ് ഇവർക്കായി ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നത്.
ക്രിസ്മസ് അവധിക്കു മുൻപുതന്നെ പത്താം ക്ലാസിലെ പാഠ്യഭാഗങ്ങൾ ഏകദേശം പൂർത്തിയാക്കിയിരുന്നതായി അധ്യാപകർ പറയുന്നു. ക്രിസ്മസ് അവധിക്കുശേഷം മിക്ക സ്കൂളുകളിലും പത്താം ക്ലാസിൽ റിവിഷൻ ആരംഭിച്ചിരുന്നു.
കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ 99.79 ശതമാനം വിജയം നേടി സംസ്ഥാനത്ത് നാലാം സ്ഥാനത്തായിരുന്നു ഇടുക്കി. ഇത്തവണയും വിജയശതമാനം ഉയർത്താനുള്ള തയാറെടുപ്പിലാണ് ജില്ലയിലെ വിദ്യാഭ്യാസ അധികൃതരും സ്കൂളുകളും. പിന്നാക്ക മേഖലകളിലെ വിദ്യാലയങ്ങളിൽ വിജയശതമാനം മെച്ചപ്പെടുത്താൻ അവധിക്കാല ക്ലാസുകളും ക്രമീകരിക്കുന്നുണ്ട്.