മെഡിക്കൽ കോളജിന്റെ വളർച്ചയ്ക്ക് കൂട്ടായ പ്രവർത്തനം അനിവാര്യം: മാർ നെല്ലിക്കുന്നേൽ
1514486
Sunday, February 16, 2025 12:21 AM IST
ഇടുക്കി: മെഡിക്കൽ കോളജിന്റെ സമഗ്രവളർച്ചയ്ക്ക് സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ.
രൂപതയുടെ രോഗീപരിചരണ ശുശ്രൂഷയായ ബെത്ലഹേം കാരിത്താസും കെസിബിസി വിമൻസ് കമ്മീഷൻ ഇടുക്കി രൂപത വിഭാഗവും ഇടുക്കി ജില്ലാ വിമൻസ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച രോഗീദിനാചരണം ഇടുക്കി മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിലെ ജനതയ്ക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന നിലയിലേക്ക് മെഡിക്കൽ കോളജിനെ വളർത്താൻ സർക്കാരും ജനപ്രതിനിധികളും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായി ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
13 വർഷമായി വൈകുന്നേരങ്ങളിൽ ബെത്ലഹേം കാരിത്താസിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജ്, പാറേമാവ് ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി മുടങ്ങാതെ അത്താഴവിതരണം നടത്തിവരുന്നുണ്ട്.
മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഉപയോഗത്തിനായി നൽകുന്ന വാട്ടർ ഡിസ്പെൻസറിന്റെ രേഖകൾ ബിഷപ് മെഡിക്കൽ ഓഫീസർ ഡോ. ഹരീഷിന് കൈമാറി. തുടർന്ന് ബിഷപ് മെഡിക്കൽ കോളേജിലെ അത്താഴവിതരണത്തിലും പങ്കെടുത്തു.
കെസിബിസി വിമൻസ് കമ്മീഷൻ ഇടുക്കി രൂപത പ്രസിഡന്റും ജില്ലാ വിമൻസ് കൗണ്‍സിൽ സെക്രട്ടറിയുമായ റോസക്കുട്ടി ഏബ്രഹാം, മെഡിക്കൽ ഓഫീസർ ഡോ. ഹരീഷ്, ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി മെംബർ ജോസ് കുഴികണ്ടം, വാഴത്തോപ്പ് പഞ്ചായത്തംഗം നിമ്മി ജയൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് മുന്നോടിയായി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഇടുക്കി രൂപത പ്രയർ ഗ്രൂപ്പ്, വിൻസന്റ് ഡി പോൾ സൊസൈറ്റി, മാതൃവേദി എന്നിവയിലെ അംഗങ്ങൾ രോഗീസന്ദർശനവും നടത്തി. ഫാ. ജോസഫ് നടുപ്പടവിൽ, ഫാ. അമൽ താണോലിൽ, ഫാ. സിജോ മേക്കുന്നേൽ, ഇടുക്കി രൂപത പാസ്റ്ററൽ കൗണ്‍സിലംഗം അനൂപ് കുന്നേൽ എന്നിവർ നേതൃത്വം നൽകി.