അണ്ടർ വാല്യുവേഷൻ അദാലത്ത് ഒഴിവാക്കണം: കേരള കോണ്-എം
1514188
Saturday, February 15, 2025 12:08 AM IST
തൊടുപുഴ: അണ്ടർ വാല്യുവേഷൻ എന്ന പേരിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അദാലത്തുകൾ ഒഴിവാക്കണമെന്ന് കേരള കോണ്ഗ്രസ്-എം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 1987 മുതൽ 2017 മാർച്ച് 31 വരെ നടന്നിട്ടുള്ള ആധാരങ്ങളിൽ വസ്തുവിന്റെ വില കുറച്ചുകാണിച്ചു എന്ന പേരിൽ അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളെ സഹായിക്കാനെന്ന പേരിൽ ചില ഇളവുകൾ പ്രഖ്യാപിച്ച് കേസ് ഫയൽ തീർപ്പാക്കാനെന്ന പേരിലാണ് അദാലത്തുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിച്ചിരുന്ന തുകയുടെ മുദ്രപ്പത്രവിലയും രജിസ്ട്രേഷൻ ഫീസും അടച്ചു നടത്തിയ ആധാരങ്ങളിൽ വിലകുറച്ചു കാണിച്ചെന്ന് ആരോപിച്ച് കർഷകരെയും സാധാരണക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. കേസ് ഫയൽ തീർക്കാനെന്ന പേരിൽ സംഘടിപ്പിക്കുന്ന അദാലത്തുകൾ ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്.
അദാലത്തിൽ പങ്കെടുത്ത് കേസ് ഒഴിവാക്കി ജപ്തി നടപടികളിൽനിന്ന് ഒഴിവാകണമെന്ന നിർദേശം അംഗീകരിക്കില്ലെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. അദാലത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ റവന്യു റിക്കവറിക്ക് വന്നാൽ പാർട്ടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഭൂമിയുടെ താരിഫ് വില മിക്കവാറും വില്ലേജുകളിൽ മാർക്കറ്റ് വിലയെക്കാൾ വളരെ കൂടുതലാണ്. അതു പുനപരിശോധന നടത്തി യഥാർഥ സ്ഥിതി മനസിലാക്കാൻ എല്ലാ വില്ലേജുകളിലും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗം അടിയന്തരമായി വിളിച്ചുചേർത്ത് ഭൂമിക്ക് ന്യായവില നിശ്ചയിക്കണമെന്നും ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.