ജലനിരപ്പ് താഴ്ന്നാലും ഫ്ലോട്ടിംഗ് പന്പുകൾ കുടിവെള്ളമെത്തിക്കും: മന്ത്രി റോഷി
1514186
Saturday, February 15, 2025 12:07 AM IST
ചെറുതോണി: ഇടുക്കി-കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി (ഭാഗികം), വാത്തിക്കുടി, വണ്ണപ്പുറം (ഭാഗികം) പഞ്ചായത്തുകളിലെ വീടുകളിലേക്കു കുടിവെള്ളം എത്തിക്കുന്നതിനായി ഇടുക്കി ഡാമിൽനിന്നു വെള്ളം പന്പ് ചെയ്യുന്നതിന് ഫ്ലോട്ടിംഗ് പന്പുകളും അനുബന്ധ പൈപ്പുകളും എത്തിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലെ കന്പനിയിൽനിന്നെത്തിയ പൈപ്പുകൾ ചെറുതോണി മെഡിക്കൽ കോളജിന് സമീപമാണ് ഇറക്കിയിരിക്കുന്നത്.
230 എച്ച്പി ശേഷിയുള്ള മൂന്നു പന്പുകളാണ് ഇപ്പോൾ എത്തിച്ചിട്ടുള്ളത്. ഇതോടൊപ്പം അഞ്ചുരുളി ജലാശയത്തിൽനിന്നു കട്ടപ്പന മുനിസിപ്പാലിറ്റിക്കുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലം ലഭ്യമാക്കുന്ന പദ്ധതിയുടെയും പന്പുകളും എത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി ചെറുതോണിയിൽ മെഡിക്കൽ കോളജിന് സമീപം ജലശുദ്ധീകരണ പ്ലാന്റ് പൂർത്തിയായി വരുകയാണ്.
35 എംഎൽഡി ശേഷിയുള്ള പ്ലാന്റിൽ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഫ്ലോട്ടിംഗ് പന്പുപയോഗിച്ച് പന്പ് ചെയ്തെടുക്കുന്നത്. ഫ്ലോട്ടിംഗ് പന്പുകൾ സ്ഥാപിക്കുന്നതിന് കിണറും മറ്റും ആവശ്യമായി വരുന്നില്ല. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പാലവും (ഫ്ലോട്ടിംഗ് ബ്രിഡ്ജ് ) ഇതോടൊപ്പം പന്പ് സെറ്റ് ഘടിപ്പിച്ച് ഇതിൽനിന്നു പന്പിംഗ് ലൈനുകൾ സ്ഥാപിച്ച് കരയ്ക്കു സമീപമുള്ള പ്രധാന പൈപ്പ് ലൈൻ വഴിയാണ് ശുദ്ധീകരണശാലയിൽ വെള്ളം എത്തിക്കുന്നത്.
ഫ്ളോട്ടിംഗ് സംവിധാനമായതിനാൽ റിസർവോയറിലെ ജലനിരപ്പ് മാറുന്നതിനനുസരിച്ച് പ്രത്യേക സംവിധാനം കൂടാതെതന്നെ തുടർച്ചയായി തടസം കൂടാതെ പന്പിംഗ് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട് 700 എംഎംഡിഐ പൈപ്പുകൾ കഴിഞ്ഞ ആഴ്ച സൈറ്റിൽ എത്തിച്ചിരുന്നു. ഈ പൈപ്പുകളുടെ സ്ഥാപന പ്രവൃത്തികൾ വരും ആഴ്ചകളിൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി അസംബ്ലി നിയോജക മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലായി കുടിവെള്ളം എത്തിക്കുന്നതിന് ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 706 കോടി രൂപയുടെ പദ്ധതികളാണ് നടന്നുവരുന്നത്. ഇടുക്കി ജലാശയം, പൊന്മുടി ജലാശയം ഉൾപ്പെടെയുള്ള ജലാശയങ്ങളാണ് ഇതിനായി ജലസ്രോതസായി ഉപയോഗിക്കുക. പദ്ധതിയുടെ പൂർത്തീകരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.