ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ജീപ്പിനുള്ളില്‍ പ്രസവിച്ചു
1514184
Saturday, February 15, 2025 12:07 AM IST
അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. ഇടമലക്കുടി സ്വദേശിനിയായ 22കാരിയാണ് ജീപ്പിനുള്ളില്‍ അമ്മയായത്. യുവതിയും കുടുംബവും സൗകര്യാര്‍ഥം ഒരാഴ്ച്ച മുമ്പ് മാങ്കുളം ആനക്കുളത്ത് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയിരുന്നു. ഈ മാസം 22ആയിരുന്നു പ്രസവ തീയതിയായി ആശുപത്രി അധികൃതര്‍ ഇവരെ അറിയിച്ചിരുന്നത്.
എന്നാല്‍, വെള്ളിയാഴ്ച്ച ഉച്ചയോടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചു. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ ആനക്കുളത്തുനിന്നു ടാക്സി ജീപ്പിൽ അടിമാലിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍, വാഹനം വിരിപാറ ഭാഗത്തെത്തിയതോടെ യുവതിക്ക് പ്രസവ വേദന കലശലാകുകയും വെള്ളിയാഴ്ച്ച രണ്ടോടെ യുവതി ജീപ്പിനുള്ളില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന യുവതിയുടെ മാതാവ് പ്രസവ ശുശ്രൂഷകള്‍ നടത്തി.
പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും കുടുംബാംഗങ്ങള്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.