കട്ടപ്പനയിൽ പിഎസ്സിക്ക് പുതിയ ആസ്ഥാന മന്ദിരം ശിലാസ്ഥാപനം 21ന്
1514182
Saturday, February 15, 2025 12:07 AM IST
കട്ടപ്പന: പിഎസ്സിയുടെ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം 21ന് കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അന്പലക്കവലയിൽ നഗരസഭ വിട്ടു നൽകിയ 20 സെന്റ് സ്ഥലത്ത് 7.5 കോടി രൂപ ചെലവിൽ മന്ദിരം നിർമിക്കുന്നത്. കഴിഞ്ഞ ബജറ്റിലാണ് ഇതിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് നൽകിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കിയിരുന്നു. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഉദ്യോഗാർഥികളുടെ കൂടി സൗകര്യം കണക്കിലെടുത്തു കൂടിയാണ് പുതിയ ബഹുനിലമന്ദിരത്തിലേക്ക് മാറ്റുന്നത്.
200 പേർക്ക് ഒരേസമയം പരീക്ഷ നടത്താവുന്ന ആധുനിക നിലവാരത്തിലുള്ള ഓണ്‍ലൈൻ പരീക്ഷാ ഹാൾ അടക്കമുള്ള സൗകര്യങ്ങളോടു കൂടിയതാണ് പുതിയ കെട്ടിടം.