എംജി സർവകലാശാലാ കലോത്സവം മാർച്ച് 17 മുതൽ
1514181
Saturday, February 15, 2025 12:07 AM IST
തൊടുപുഴ: എംജി സർവകലാശാലാ കലോത്സവം മാർച്ച് 17 മുതൽ 23 വരെ തൊടുപുഴ അൽ അസ്ഹർ കോളജ് കാന്പസിൽ നടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പുതുതായി ഉൾപ്പെടുത്തിയ 15 എണ്ണം ഉൾപ്പെടെ 90 മത്സര ഇനങ്ങളാണ് ഒന്‍പത് വേദികളിലായി അരങ്ങേറുക. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലയിലെ ഏതാനം കോളജുകൾ ഉൾപ്പെടെ മൂന്നൂറോളം അഫിലിയേറ്റഡ് കോളജുകളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും. ഇതുകൂടാതെ പതിനായിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും കലോത്സവത്തിനെത്തും. ഇത് മൂന്നാം തവണയാണ് ഇടുക്കി ജില്ലയിൽ എംജി കലോത്സവം എത്തുന്നത്.
2016-ലും 2020-ലും തൊടുപുഴ അൽ അസ്ഹർ കോളജ് കാന്പസ് കലോത്സവത്തിനു വേദിയായിട്ടുണ്ട്. 2016ലെ കലോത്സവത്തിലാണ് ആദ്യമായി ഓണ്‍ലൈൻ രജിസ്ട്രേഷൻ പ്രാവർത്തികമാക്കിയത്. 2020ലെ കലോത്സവത്തിലാണ് ട്രാൻസ്ജെൻഡർക്കായി മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയത്. ഇത്തവണ മത്സരാർഥികളായെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും ആദ്യമായി ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അൽ അസ്ഹർ ബിഡിഎസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അമൽ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗങ്ങൾ, സിഎസ്എസ് ഡയറക്ടർ ഏബ്രഹാം കെ. സാമുവേൽ, യൂണിവഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ലിനു കെ. ജോണ്‍, ചെയർമാൻ എം.എസ്. ഗൗതം തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ യൂണിയൻ ചെയർമാൻ എം.എസ്. ഗൗതം, സെനറ്റ് അംഗം അഖിൽ ബാബു, എക്സിക്യൂട്ടീവംഗം പി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.