തെരുവുനായശല്യം രൂക്ഷം; എബിസി സെന്ററിന് ശില മാത്രം
1514180
Saturday, February 15, 2025 12:07 AM IST
തൊടുപുഴ: തെരുവുനായ ശല്യം രൂക്ഷമാകുന്പോഴും ജില്ലയിലെ എബിസി സെന്റർ നിർമാണം അനിശ്ചിതത്വത്തിൽ. എബിസി സെന്റർ ഇല്ലാത്ത ഏക ജില്ലയായ ഇടുക്കിയിൽ സെന്റർ നിർമിക്കാനുള്ള നടപടികൾ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും തറക്കല്ലിടൽ മാത്രമായി പ്രവർത്തനം ഒതുങ്ങി. കുയിലിമലയിൽ ജില്ലാ പഞ്ചായത്ത് വിട്ടുനൽകിയ അരയേക്കർ സ്ഥലത്താണ് നായകളുടെ വന്ധ്യംകരണത്തിനും മറ്റുമായുള്ള എബിസി സെന്റർ നിർമിക്കുന്നത്.
ഈ മാസം കടിയേറ്റത് 283 പേർക്ക്
എബിസി സെന്റർ നിർമാണം അനന്തമായി നീളുകയാണെങ്കിലും ജില്ലയിൽ നായകളുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല.
ഇന്നലെ മാത്രം ജില്ലയിൽ നായ്ക്കളുടെ കടിയേറ്റത് 13 പേർക്കാണ്. ഈ മാസം നായയുടെ കടിയേറ്റ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ എത്തിയവർ 283 പേരാണ്. തെരുവുനായ്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരും വളർത്തുനായയുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.
രാപകൽ ഭേദമില്ലാതെ അലഞ്ഞുതിരിയുന്ന നായകൾ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങളും വർധിച്ചു. രാത്രിസമയത്തു തിരക്കൊഴിഞ്ഞാൽ പല ടൗണുകളും നിരത്തുകളും ഇവ കൈയടക്കുന്ന സ്ഥിതിയാണ്. കാൽനടയാത്രക്കാർക്കാണ് ഇവ കൂടുതൽ ഭീഷണി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. നായകൾ റോഡിനു കുറുകേ ചാടി വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു. തെരുവുനായകൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്ന സംഭവങ്ങളും ഒട്ടേറെയുണ്ട്.
3.5 കോടിയുടെ പദ്ധതി
കുയിലിമലയിൽ എബിസി സെന്റർ നിർമിക്കാനായി മൂന്നരക്കോടിയുടെ പദ്ധതിയാണ് തയാറാക്കിയത്. ജില്ലയുടെ പല ഭാഗത്തും അലഞ്ഞുതിരിയുന്ന തെരുവുനായകളെ കണ്ടെത്തി പിടികൂടി വാഹനത്തിൽ കയറ്റി എബിസി സെന്ററിൽ എത്തിച്ചു വന്ധ്യംകരിച്ചു പരിപാലിക്കുന്നതിനാണു ലക്ഷ്യം.
നേരത്തേ രണ്ട് ബ്ലോക്കുകളുടെ പരിധിയിൽ ഒരു സെന്റർ വീതം നാല് കേന്ദ്രങ്ങൾ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് ഇതു തുടങ്ങാനായില്ല. തുടർന്നാണ് ജില്ലാ ആസ്ഥാനത്ത് ജനവാസമേഖലയിൽനിന്നു മാറി സെന്റർ തുടങ്ങാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. കുയിലിമല -മൈക്രോവേവ് റോഡിനു സമീപമാണ് നിർമിക്കുന്നത്. ഇവിടെ നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റി നിർമാണ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു.
20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും ബാക്കി ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് വിഹിതവും ചേർത്ത് നിർമാണം നടത്താനായിരുന്നു പദ്ധതി. എന്നാൽ ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയെങ്കിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതമായ തുക ലഭ്യമാകാത്തതാണ് പദ്ധതി്ക്ക് തടസമായി നിൽക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ധനമന്ത്രിയുമായി ബന്ധപ്പെട്ട് ഈ സാന്പത്തിക വർഷം തന്നെ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ലഭിക്കുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനം ഉൗർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു കുട്ടികളെ
തെരുവുനായ ആക്രമിച്ചു
വണ്ടിപ്പെരിയാർ: തെരുവുനായുടെ കടിയേറ്റ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ ജംഗ്ഷനിലും മിനി സ്റ്റേഡിയത്തിനു സമീപവും കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് തെരുവു നായ ആക്രമിച്ചത്. വണ്ടിപ്പെരിയാർ മഞ്ജുമല സ്വദേശിയായ ശരവണന്റെ മകൾ മിനി (മൂന്ന്), വള്ളക്കടവ് സ്വദേശി ആലോകിന്റെ മകൾ നിഹ (അഞ്ച്) എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്.
മാതാപിതാക്കൾക്കൊപ്പം പശുമല ജംഗ്ഷന് സമീപം റോഡരികിൽനിന്ന് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് മൂന്നു വയസുകാരിയുടെ മുഖത്ത് തെരുവുനായ കടിച്ചത്. നിഹ മിനി സ്റ്റേഡിയത്തിനു സമീപം കളിക്കുകയായിരുന്നു. ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. സാരമായി പരിക്കേറ്റ മിനിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.