കൊന്പൻമാരുടെ വന്പ് എന്നു തീരും; പടയപ്പയ്ക്കു മദപ്പാട്
1514178
Saturday, February 15, 2025 12:07 AM IST
മൂന്നാർ: അരിക്കൊന്പനെ നാടുകടത്തിയതിനു ശേഷം മലയോര ജനതയുടെ ഉറക്കംകെടുത്തി പടയപ്പയുടെ വിളയാട്ടം. മറയൂർ-മൂന്നാർ റോഡിലെ എട്ടാംമൈലിൽ വ്യാഴാഴ്ച രാത്രി യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസിനു നേരേ പാഞ്ഞടുത്ത് പടയപ്പ. ഗതാഗതക്കുരുക്കിനെത്തുടർന്നു വേഗത കുറച്ച ബസിനുനേർക്കാണ് പാഞ്ഞടുത്ത്. ബസിന്റെ പിൻഭാഗത്ത് ശക്തിയായി ഇടിക്കുകയും ചെയ്തു. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാർ ഭയന്നു നിലവിളിച്ചു.
ഇതിനു പുറമേ ഇതുവഴിവന്ന പിക്കപ്പ് വാനിൽനിന്ന് തണ്ണിമത്തൻ എടുത്ത് തിന്നുകയും ചെയ്തു. കഴിഞ്ഞ ആറു മാസത്തിനിടെ പടയപ്പ നിരവധി തവണ ജനവാസ മേഖലകളിലെത്തി നാശനഷ്ടം വരുത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. ആളുകളെ ആക്രമിക്കുന്ന സ്വഭാവം പൊതുവേയില്ലെങ്കിലും വാഹനങ്ങൾ കണ്ടാൽ പടയപ്പയ്ക്കു കലികയറും.
കഴിഞ്ഞ ദിവസം തൃശൂർ സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ആനയെക്കണ്ട് വാഹനം നിയന്ത്രണംവിട്ട് മറിയുകയും ഇവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ടുദിവസം മുന്പ് മൂന്നാറിനു സമീപം ഷൂട്ടിംഗ് സംഘത്തിന്റെ ടെന്പോട്രാവലറും പടയപ്പ തകർത്തിരുന്നു. മൂന്നാർ-മറയൂർ റോഡാണ് ആനയുടെ വിഹാരകേന്ദ്രം. നേരത്തേ പടയപ്പയും ഒറ്റക്കൊന്പനും മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഏറ്റുമുട്ടിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.
മൂന്നാർ-ഉടുമല അന്തർസംസ്ഥാന പാതയിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന പടയപ്പ നിരവധി തവണ വാഹനങ്ങളുടെ സമീപത്തേക്ക് പാഞ്ഞടുത്തിട്ടുണ്ട്. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലെ മാലിന്യസംസ്കരണ പ്ലാന്റിൽ പതിവായി എത്തുന്ന പടയപ്പയെ തടയാൻ കൂറ്റൻ ഇരുന്പു ഗേറ്റ് സ്ഥാപിക്കേണ്ടി വന്നു. കഴിഞ്ഞ നവംബൻ 28ന് നിറയെ സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന ബസിനു നേരേ കുറ്റിയാർവാലിക്കു സമീപം പടയപ്പ പാഞ്ഞടുത്തിരുന്നു. തൊട്ടടുത്ത ദിവസം യാത്രക്കാർ ഉണ്ടായിരുന്ന രണ്ടു കാറുകളും ആക്രമിച്ചു.
ഡിസംബർ രണ്ടിന് ദേവികുളം എസ്റ്റേറ്റിലെ മാനില ഡിവിഷനു സമീപം എസ്റ്റേറ്റു ലയങ്ങൾക്കു മുന്പിൽ നിലയുറപ്പിച്ചതോടെ സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഡിസംബർ ഒന്പതിന് മാട്ടുപ്പെട്ടി ഡാം പരിസരത്തെ ആറു കടകളാണ് പടയപ്പ തകർത്തത്. രണ്ടു ദിവസങ്ങൾക്കു ശേഷം നെറ്റിക്കുടിക്കു സമീപം രണ്ടു കാറുകളുടെ ചില്ലുകളും തകർത്തു. ജനുവരി ഏഴിന് കന്പനി മാനേജരുടെ കന്നിമലയിലുള്ള ബംഗ്ലാവിനു മുന്പിൽ നിർത്തിയിട്ടിരുന്ന ജീപ്പ് അടിച്ചുതകർത്തു. കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരം നിരവധി സംഭവങ്ങളാണുണ്ടായത്.
പടയപ്പയും കൊന്പൻമാരും
വ്യാപാരികൾക്ക് ഭീഷണി
പടയപ്പയും പ്രത്യേകമായി പേരുകൾ വീണിട്ടില്ലാത്ത കൊന്പൻമാരും വ്യാപാരികൾക്കും വലിയ രീതിയിൽ തലവേദന സൃഷ്ടിക്കുന്നുണ്ട്. രാത്രിയിൽ മൂന്നാർ ടൗണിലെത്തി കാട്ടാനകൾ കടകൾ ആക്രമിക്കുന്നതു പതിവായതോടെ വ്യാപാരികളും ആശങ്കയിലായിരുന്നു. കൃത്യമായ ഇടവേളകളിലെത്തി ഒരേ കട തന്നെ ആക്രമിക്കുന്നതും ആനകൾ പതിവായിക്കിയിരിക്കുകയാണ്. ഭക്ഷണവസ്തുക്കൾ ലക്ഷ്യമിട്ടാണ് ഇവ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നത്. മൂന്നാർ നല്ലതണ്ണി ജംഗ്ഷനിലുള്ള പാപ്പുകുഞ്ഞിന്റെ പച്ചക്കറി കട കാട്ടാന തകർത്തത് ആറു തവണയാണ്. ഇതിനു സമീപത്തുള്ള അയ്യപ്പന്റെ കട രണ്ടു തവണയും തകർത്തു.
ചൊക്കനാട് എസ്റ്റേറ്റിലുള്ള പുണ്യവേലിന്റെ പലചരക്കു കട പതിനാറു തവണയാണ് കാട്ടാനകൾ ആക്രമിച്ചത്. കാട്ടാനകളുടെ ആക്രമണത്തിന് ഇരയാകുന്നതു വലിയ സാന്പത്തിക ബാധ്യതയക്കു കാരണമാകുന്നതായി വ്യാപാരികൾ പറഞ്ഞു. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കേണ്ട വനംവകുപ്പ് ഉദാസീനത പുലർത്തുന്നതായുള്ള ആരോപണവും ശക്തമാണ്. കാട്ടാനകൾ ജനവാസമേഖലകളിൽ എത്തുന്നത് നിരീക്ഷിക്കാനും ഇവയെ തടയുന്നതിനും നിയോഗിച്ച ആർആർടി സംഘത്തിനും പ്രശ്നത്തിൽ കാര്യമായ പരിഹാരം കണ്ടെത്താനായിട്ടില്ല.
പൊലിയുന്ന ജീവനുകൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാനയുടെ ആക്രമണങ്ങളിൽ എസ്റ്റേറ്റ് മേഖലകളിൽ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. 2024 ജനുവരി മൂന്നാറിലെ ഗുണ്ടുമല എസ്റ്റേറ്റിൽ കല്യാണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് സ്വദേശിയായ 79കാരൻ പാൽരാജിനെ ആന ചവിട്ടിക്കൊന്നു.
26ന് ബിയൽറാം സ്വദേശിയായ സൗന്ദർരാജന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഫെബ്രുവരി 27ന് മൂന്നാറിലെ കന്നിമല എസ്റ്റേറ്റിൽ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 45കാരനായ ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
അരിക്കൊന്പന്റെ അഭാവത്തിലും നാടു വിറപ്പിച്ച് കൊന്പൻമാർ
ചിന്നക്കനാലിലെ ജനവാസ മേഖലകളിലും ആദിവാസി മേഖലകളിലും ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊന്പനെ നാടു കടത്തിയിട്ടും മേഖലയിലെ ആനശല്യത്തിന് കുറവില്ല. അരിക്കൊന്പൻ പോയെങ്കിലും ജനങ്ങളുടെ പേടി സ്വപ്നമായി ഇപ്പോഴും ഒരു പിടി കൊന്പൻമാർ വിലസുകയാണ്. പടയപ്പയ, ഒറ്റക്കൊന്പൻ എന്ന പേരിൽ തിരിച്ചറിയപ്പെടുന്ന ആനകൾ ഉണ്ടെങ്കിലും പേരില്ലാതെ വിലസുന്ന കൊന്പൻമാരും ഏറെയുണ്ട്. അരിക്കൊന്പൻ പോയതോടെ ആശ്വാസത്തിലായ ചിന്നക്കനാൽ നിവാസികൾക്ക് വീണ്ടും ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചാണ് ചക്കക്കൊന്പൻ രംഗപ്രവേശം ചെയ്തത്. അരിക്കൊന്പനെ പിടികൂടി കൂട്ടിലടയ്ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് വനം വകുപ്പ് 2023 ഏപ്രിൽ 29ന് കൊന്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്.
അരിക്കൊന്പൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ പൊതുവേ ശാന്ത പ്രകൃതക്കാരനായിരുന്ന ചക്കക്കൊന്പൻ പിന്നീട് അരിക്കൊന്പന്റെ അതേ സ്വഭാവം പുറത്തെടുക്കുകയായിരുന്നു. മേഖലയിൽ തന്നെയുള്ള മറ്റൊരു കൊന്പനായ മുറിവാലനുമായി ചക്കക്കൊന്പൻ ഏറ്റു മുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും നാട്ടുകാരെ ഭയപ്പാടിലാക്കിയിരുന്നു. 2024 ഓഗസ്റ്റിൽ പത്തു ദിവസത്തോളമാണ് കൊന്പൻമാർ പരസ്പരം കൊന്പുകോർത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ഇതിന്റെ ഫലമായി സെപ്റ്റംബർ ഒന്നിന് മുറിവാലൻ ചെരിയുകയും ചെയ്തു. ആൾത്താമസമുള്ള കെട്ടിടങ്ങളും കടകളും ആക്രമിക്കുന്ന ചക്കക്കൊന്പൻ ഇപ്പോഴും സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല.
ഫലപ്രദമാകാതെ ആർആർടി
കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെയും ജനവാസ മേഖലകളെയും സംരക്ഷിക്കാൻ വനംവകുപ്പ് നിയോഗിച്ച റാപ്പിഡ് റെസ്പോണ്സ് ടീമിനും പ്രശ്നത്തിൽ ഉചിതമായ പരിഹാരം കണ്ടെത്താനായിട്ടില്ല. കാറ്റിൽ ഇലയൊന്നിളകിയാൽ പോലും ആനയെന്ന ഭീതിയിലാണ് മൂന്നാറും പരിസര പ്രദേശങ്ങളും. വീടിനു പുറത്തുണ്ടാകുന്ന ഏതൊരു ശബ്ദവും കേൾക്കുന്പോൾ ആനയെത്തി എന്ന ഭീതിയിൽ ഉറക്കമില്ലാത്ത കഴിച്ചുകൂട്ടേണ്ടി വരുന്ന ഗതികേടിലാണ് എസ്റ്റേറ്റിലെ തൊഴിലാളികൾ. കുട്ടികളുമായി മാതാപിതാക്കൾക്ക് മണിക്കൂറുകളോളം ശ്വാസംപിടിച്ചു കഴിയേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ജനവാസ മേഖലകളിൽ സാന്നിധ്യമുറപ്പിച്ച പടയപ്പ ഉൾപ്പെടെയുള്ള ആനകളെ എങ്ങനെ നിയന്ത്രിക്കാനാവും എന്ന കാര്യത്തിൽ വനംവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 26ന് കന്നിമല എസ്റ്റേറ്റ് സ്വദേശിയായ ഓട്ടോ ഡ്രൈവർ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായതിനു പിന്നാലെയായിരുന്നു ആർആർടി സംഘത്തെ നിയോഗിച്ചത്. ഈസമയം ജനവാസ മേഖലകളിലും ഉഡുമൽപേട്ട അന്തർസംസ്ഥാന പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളെയും ആക്രമിക്കുന്നത് പതിവാക്കുകയും മദപ്പാട് കണ്ടുതുടങ്ങുകയും ചെയ്തതോടെ അരിക്കൊന്പൻ മാതൃകയിൽ പടയപ്പയെയും നാടുകടത്തണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ മനുഷ്യരെ കഴിഞ്ഞനാളുകളിൽ ആക്രമിക്കാത്ത പടയപ്പയെ നിയന്ത്രിച്ചാൽ മതിയെന്ന നിഗമനത്തിൽ ആനയെ നിരീക്ഷിച്ചു വരികയും ചെയ്തിരുന്നു.
പടയപ്പയെ നിരീക്ഷിച്ചു വന്ന ആർആർടി സംഘം പടയപ്പയെ കാടുകയറ്റിയതിനെത്തുടർന്ന് മറയൂർ, പള്ളനാട് പ്രദേശങ്ങളിൽ എത്തിയ പടയപ്പ മൂന്നു മാസത്തോളം അവിടെ ചുറ്റിത്തിരിയുകയായിരുന്നു. മാസങ്ങൾക്കു മുന്പ് മൂന്നാറിലേക്ക് മടങ്ങി വന്ന പടയപ്പ കഴിഞ്ഞ രണ്ടാഴ്ചയോളം ചെണ്ടുവര, കുണ്ടള, മാട്ടുപ്പെട്ടി, നെറ്റിക്കുടി, ദേവികുളം, ലോക്കാട്, നയമക്കാട്, കന്നിമല എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ എത്തിയിരുന്നു. കാട്ടാനകളുടെ ആക്രമണം തടയാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും വനംവകുപ്പധികൃതർ എന്തുനടപടി സ്വീകരിക്കുമെന്നാണ് പ്രദേശവാസികൾ ഉറ്റുനോക്കുന്നത്.
ജാഗ്രത വേണമെന്ന്
വനംവകുപ്പ്
പടയപ്പ മദപ്പാടിലായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പധികൃതർ. മറയൂർ-മൂന്നാർ റോഡിൽ രാത്രിസമയങ്ങളിൽ ഇറങ്ങുന്ന പടയപ്പ കന്നിമല, നയമക്കാട്, തലയാർ, പാന്പൻമല, കാപ്പിസ്റ്റോർ മേഖലയിലാണ് ഭീതി സൃഷ്ടിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ ആർആർടിയുടെ 8547601351, 8547601371 എന്ന നന്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.