അഖില കേരള വടംവലി മത്സരം
1513851
Thursday, February 13, 2025 11:51 PM IST
രാജാക്കാട്: കെസിവൈഎം ഇടുക്കി രൂപത സമിതിയുടെ കീഴിലുള്ള രാജാക്കാട്, കുഞ്ചിത്തണ്ണി മേഖലകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒന്നാമത് അഖില കേരള വടംവലി മത്സരം 16ന് വൈകുന്നേരം അഞ്ചുമുതൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളി മൈതാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെസിവൈഎം ഇടുക്കി രൂപത നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
ഒന്നാം സ്ഥാനക്കാർക്ക് അരലക്ഷം രൂപ കാഷ് അവാർഡും ട്രോഫിയും രണ്ടു മുതൽ നാല് വരെ സ്ഥാനക്കാർക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും.16 വരെ സ്ഥാനമുള്ളവർക്കും കാഷ് അവാർഡുകളും മത്സരിക്കുന്ന എല്ലാ ടീമുകൾക്കും പണക്കിഴികളും നൽകും.450 കിലോഗ്രാം വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തുന്നത്.
കേരള ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. മത്സരത്തിന്റെ ഉദ്ഘാടനം ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. മേഖല പ്രസിഡന്റ് എബിൻ കച്ചിറ അധ്യക്ഷത വഹിക്കും. എം.എം. മണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ് അനുഗ്രഹ പ്രഭാഷണവും, കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ആമുഖപ്രഭാഷണവും നടത്തും. രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാംകുളം സ്വാഗതവും ജനറൽ സെക്രട്ടറി സാം സണ്ണി നന്ദിയും പറയും. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ. മാത്യു കാരോട്ടുകൊച്ചറയ്ക്കൽ, രാജാക്കാട് സിഐ വി. വിനോദ്കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് നിഷ രതീഷ്, എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ്് അലക്സ് പുളിമൂട്ടിൽ, മർച്ചന്റ്്സ് അസോസിയേഷൻ പ്രസിഡന്റ്് വി.എസ്. ബിജു, കെസിവൈഎം മേഖല ഡയറക്ടർ ഫാ. ജോസ് പുതിയാപറമ്പിൽ, രൂപത ആനിമേറ്റർ സിസ്റ്റർ ലിന്റാ എന്നിവർ പ്രസംഗിക്കും.