പിഎംഎവൈ: കെഎസ്ഇബി അമിത ഫീസ് ഈടാക്കുന്നു
1513850
Thursday, February 13, 2025 11:51 PM IST
തൊടുപുഴ: പിഎംഎവൈ ഗുണഭോക്താക്കളിൽനിന്നു വൈദ്യുതി കണക്ഷൻ മാറ്റുന്നതിന് കെഎസ്ഇബി അമിത ഫീസ് ഈടാക്കുന്നതായി പരാതി. പിഎംഎവൈ പദ്ധതി പ്രകാരം അതിദരിദ്രരായ ഗുണഭോക്താക്കൾക്ക് വീട് നിർമാണത്തിനായി നൽകുന്നത് നാലു ലക്ഷം രൂപയാണ്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആദ്യം നൽകുന്നത് 48,000 രൂപയാണ്. ഗുണഭോക്താക്കൾ താമസിക്കുന്ന പഴയ വീട് പൊളിച്ച് നിലവിലെ വൈദ്യുതി കണക്ഷൻ താത്കാലികമായി മാറ്റുന്നതിന് ഉപഭോക്താക്കൾ 3,000 രൂപ മുതൽ 6,000 രൂപ വരെ കെഎസ്ഇബിയിലേക്ക് അടയ്ക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
എന്നാൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് കെഎസ്ഇബി പുതിയ കണക്ഷൻ നൽകുന്പോൾ 1000 വാട്ടിന് താഴെയുള്ളവർക്ക് 300 രൂപയിൽ താഴെ മാത്രമെ ഫീസ് ഈടാക്കുന്നുള്ളൂ.
അതിദരിദ്രർക്ക് വീട് നിർമിക്കുന്പോൾ വൈദ്യുതി കണക്ഷൻ മാറ്റുന്നതിന് കെഎസ്ഇബി അശാസ്ത്രീയമായി ഈടാക്കുന്ന നിരക്ക് പിൻവലിക്കണമെന്നും മിതമായ നിശ്ചിത നിരക്ക് മാത്രമേ ഈടാക്കാവു എന്നും ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ആൽബർട്ട് ജോസ് ആവശ്യപ്പെട്ടു.