ബസിടിച്ച് പരിക്കേറ്റ കേസിൽ എട്ടു ലക്ഷം നൽകാൻ വിധി
1513849
Thursday, February 13, 2025 11:51 PM IST
തൊടുപുഴ: വാഹനത്തിനു ഗ്രീസ് ഇടുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് മുന്നോട്ടുപോയി യുവാവിന് പരിക്കേറ്റ കേസിൽ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മുതലക്കോടം പട്ടയംകവല ഭാഗത്ത് തൊടിയംകുന്നേൽ ഷിയാസ് നൽകിയ കേസിലാണ് വിധി. മുതലക്കോടത്തെ സ്വകാര്യ വർക്ക്ഷോപ്പിൽ ബസിനു ഗ്രീസ് ഇടുന്നതിനിടെയായിരുന്നു അപകടം. ബസിന്റെ അടിഭാഗത്ത് ഗ്രീസ് ഇട്ടുകൊണ്ടിരുന്നപ്പോൾ ഡ്രൈവർ ബിജു വർഗീസിന്റെ അനാസ്ഥ മൂലം വാഹനം മുന്നോട്ട് നീങ്ങി സമീപത്തുണ്ടായിരുന്ന ഷിയാസിന്റെ തലയ്ക്ക് സാരമായ പരിക്കേൽക്കുകയായിരുന്നു.
ഡ്രൈവർ ബിജുവിനെയും നാഷണൽ ഇൻഷുറൻസ് കന്പനിയെയും കക്ഷി ചേർത്ത് ഷിയാസ് തൊടുപുഴ എംഎസിടി കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും പ്രതികളുടെ പേരിൽ കുറ്റം തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നു പറഞ്ഞ് തള്ളി. പിന്നീട് ഷിയാസ് 2016-ൽ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് വിധി. ഹർജിക്കാരന് എട്ടുലക്ഷം രൂപയും സംഭവം നടന്ന ദിവസം മുതൽ എട്ട് ശതമാനം പലിശയും കൂടി നൽകാനാണ് ഉത്തരവായത്.
ഷിയാസിനു വേണ്ടി അഭിഭാഷകരായ ടോമി ചെറുവള്ളി, മാത്യു സക്കറിയ പടിഞ്ഞാറെകുടിയിൽ, ബാലു ടോം ചെറുവള്ളി, സിബി ജോസഫ് തിരുതാളിൽ എന്നിവർ ഹാജരായി.