ചമ്പക്കാട് ഊരിന് സമീപം നിലയുറപ്പിച്ച് കാട്ടാന
1513848
Thursday, February 13, 2025 11:51 PM IST
മറയൂർ: ഫയർലൈൻ വെട്ടാൻ പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ ചമ്പക്കാട് സ്വദേശി വിമലിന് ജീവൻ നഷ്ടപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെ വനം വകുപ്പ്. വിമലന്റെ മരണത്തിന് ശേഷം സ്ഥലത്ത് തമ്പടിച്ചിരുന്ന കാട്ടാന കൃഷിയിടത്തിലിറങ്ങി വാഴകൃഷിയും നശിപ്പിച്ചു. താമസക്കാർക്ക് കൃഷി ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചിന്നാർ വന്യജീവിസങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കുടിക്ക് ചുറ്റും സംരക്ഷണ വേലികളോ കിടങ്ങുകളോ ഇല്ല. പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന സംരക്ഷണവേലിയെല്ലാം തകർന്നുകിടക്കുകയാണ്.
പകൽപോലും കുടിക്കുള്ളിൽ ആനക്കൂട്ടം എത്തുന്നത് പതിവായിരിക്കുകയാണ്. അന്തർ സംസ്ഥാന പാതയിൽനിന്ന് കുടിയിലേക്ക് രണ്ടു കിലോമീറ്റർ ദൂരമുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാനും മറ്റും മറയൂരിലോ തമിഴ്നാട്ടിലെ ഉദുമൽപേട്ടയിലോ പോയിവരുന്ന കുടിക്കാർ ഈ പാതയിലൂടെ കടന്നുവരുമ്പോഴാണ് കാട്ടാനകളുടെ ആക്രമണത്തിനിരയാകുന്നത്. പാതയിൽ വെളിച്ചമില്ലാത്തതിനാൽ ആന നില്ക്കുന്നതറിയാതെ കുടിക്കാർ അപകടത്തിൽപ്പെടുകയാണ്.
വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന കുടിക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ദുരിതപൂർണമായ സാഹചര്യത്തിൽ ജീവിക്കുന്ന ഇവരിൽ രണ്ടുപേരുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്.