കുത്തേറ്റത് ബാഗിൽ, ബൈക്ക് യാത്രികയും മകനും രക്ഷപ്പെട്ടു
1513847
Thursday, February 13, 2025 11:51 PM IST
മറയൂർ: മൂന്നാർ-മറയൂർ റോഡിൽ വാഗവുരയ്ക്ക് സമീപം ബൈക്കിൽ വരികയായിരുന്ന അമ്മയെയും മകനെയും കാട്ടാന ആക്രമിച്ചു. തൃശൂർ ആമ്പല്ലൂർ അളഗപ്പ നഗർ വെളിയത്ത് വീട്ടിൽ ദിൽജ (40), മകൻ ബിനിൽ (19) എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.
മൈക്കിൾഗിരി സെന്റ് മൈക്കിൾസ് എൽപി സ്കൂളിൽ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് പോയിവരുന്പോൾ രാത്രി 11ഒാടെ വാഗവുര തേയില ഫാക്ടറിക്ക് സമീപം ആനയ്ക്ക് മുൻപിൽപ്പെടുകയായിരുന്നു.
ഭയന്ന് നിലത്തുവീണ ഇവരെ കാട്ടാന കുത്താൻ ശ്രമിച്ചെങ്കിലും ഇവർ പുറത്ത് തൂക്കിയിട്ടിരുന്ന ബാഗിൽ കുത്തുകൊണ്ടതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ദിൽജയെ കാട്ടാന കൊമ്പുകൊണ്ട് സമീപത്തെ കുഴിയിലേക്ക് എടുത്തെറിഞ്ഞെന്നും പറയുന്നു. ബൈക്ക് മറിഞ്ഞു വീണയുടൻ കൂടെയുണ്ടായിരുന്ന മകൻ ഓടിമാറി അവിടെനിന്ന് അലറിവിളിച്ചതിനെത്തുടർന്ന് ആന സമീപത്തുനിന്ന് മാറിപ്പോയെന്നും ഇവർ പറയുന്നു.
ഒച്ച കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ ദിൽജയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വനം വകുപ്പിന്റെ ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ അമല മെഡിക്കൽ കോളജിലേക്ക് മാറ്റി.