കാർ നിയന്ത്രണംവിട്ട് പുഴയിൽ പതിച്ചു
1513844
Thursday, February 13, 2025 11:51 PM IST
തൊടുപുഴ: നഗരത്തിലെ പുഴയോര ബൈപാസിൽ കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. കാഞ്ഞിരമറ്റം സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. കോലാനി-വെങ്ങല്ലൂർ ബൈപാസിൽനിന്നു ബേബി മെമ്മോറിയൽ ആശുപത്രിയുടെ ഭാഗത്തേക്ക് വന്ന കാർ പാപ്പൂട്ടി ഹാളിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് തൊടുപുഴയാറിലേക്ക് മറിയുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന നാട്ടുകാർ പുഴയിലിറങ്ങി കാറിന്റെ ചില്ല് പൊട്ടിച്ചാണ് അപകടത്തിൽപ്പെട്ടയാളെ രക്ഷ പ്പെടുത്തിയത്. വാഹനം പുഴയിലേക്ക് പതിച്ചെങ്കിലും കുറ്റിക്കാട്ടിലേയ്ക്ക് വീണതിനാൽ വെള്ളത്തിൽ ഒഴുകിപ്പോയില്ല.
റോഡരികിലെ രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർത്താണ് കാർ പുഴയിലേക്ക് പതിച്ചത്. ഈ ഭാഗത്ത് റോഡിന് സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ ഉണ്ടായിരുന്നില്ല. ഇതിന് ഏതാനും മീറ്റർ മുന്പിലായി സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ട്. വെങ്ങല്ലൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുഴയിലേക്ക് പതിക്കുംവിധം തുറന്ന രീതിയിലുള്ള വളവാണ് ഇവിടം. അതിനാൽ ഇവിടെ അപകടസാധ്യത വളരെയേറെയാണ്.
വാഹനത്തിന് വേഗത ചെറിയ തോതിൽ കൂടിയാൽ പോലും ഇവിടെയെത്തുന്പോൾ നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് പോകുന്ന സ്ഥിതിയാണ്. ഇവിടുത്തെ അപകട സാഹചര്യം ഇതിന് മുന്പും പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ല.
റോഡ് ഗതാഗത യോഗ്യമാക്കിയതിന് ശേഷം ഇതേ റോഡിൽ അമിത വേഗത്തിൽ വാഹനങ്ങൾ പോകുന്നതും മത്സരഓട്ടം നടത്തുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതും അധികൃതർ മുഖവിലക്കെടുത്തിരുന്നില്ല. പിന്നീട് ഒരു യുവാവിന്റെ മരണത്തെത്തുടർന്നാണ് സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ അധികൃതർ തയാറായത്.
റോഡ് നിർമിച്ച് തുറന്നുകൊടുക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഇതിന്റെ അപകടാവസ്ഥ മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
രാപകൽ വ്യത്യാസമില്ലാതെ ഇപ്പോഴും വാഹനങ്ങൾ ഈ റൂട്ടിൽ അമിത വേഗത്തിലാണ് കടന്നുപോകുന്നത്.
മതിയായ രീതിയിൽ സംരക്ഷണ വേലി നിർമിക്കുന്നതിനൊപ്പം നിരീക്ഷണ കാമറകളും സ്ഥാപിക്കുകയും അധികൃതരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.