വാർഷികവും കാലാവസ്ഥ ഉച്ചകോടിയും 15ന് മുരിക്കാശേരിയില്‍
1513841
Thursday, February 13, 2025 11:51 PM IST
ചെറുതോണി: ഇടുക്കി രൂപത സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗിരിജ്യോതി എസ്എച്ച്ജി ഫെഡറേഷന്റെ വാര്‍ഷികാഘോഷവും കാലാവസ്ഥ ഉച്ചകോടിയും 15ന് രാവിലെ 9.30 മുതല്‍ മുരിക്കാശേരിയില്‍ നടക്കുമെന്ന് എച്ച്ഡിഎസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊച്ചുകുന്നേൽ അറിയിച്ചു.
മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നിന്നാരംഭിക്കുന്ന മെഗാറാലി പാവനാത്മാ കോളജിലെത്തിച്ചേരുമ്പോള് പൊതുസമ്മേളനം ആരംഭിക്കും.
350 എസ്എച്ച്ജികളില്നിന്നായി 1500 അംഗങ്ങള്‍ റാലിയില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനവും സോളാര്‍ പ്രോജക്ട് ലോഞ്ചിംഗും ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍വഹിക്കും. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. രൂപത വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കല് മുഖ്യ പ്രഭാഷണം നടത്തും.
നവീകരിച്ച വെബ്സൈറ്റ് നബാര്‍ഡ് ജില്ലാ മാനേജര്‍ അരുണ്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്യും. വായ്പാമേളയുടെ ഉദ്ഘാടനം കെഎസ്ബിസിഡിസി മാനേജര്‍ എ. റിയാസ് നിര്‍വഹിക്കും. റവ. ഡോ. ജോസഫ് കൊച്ചുകുന്നേല്‍, കുഞ്ഞമ്മ തോമസ് എന്നിവര്‍ പ്രസംഗിക്കും. മാറുന്ന കാലാവസ്ഥയും മാറേണ്ട നമ്മളും എന്ന വിഷയത്തില്‍ ജോയി ആന്റണി നയിക്കുന്ന സെമിനാറും നടക്കും. സമ്മേളന നഗരിയില്‍ വിവിധ സ്റ്റാളുകളും മറയൂര്‍, മൂന്നാര്‍ മേഖലയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ വില്‍പ്പനയും പ്രദര്ശനവുമുണ്ടായിരിക്കുമെന്ന് ഭാരവാഹികളായ കുഞ്ഞമ്മ തോമസ്, റെജി ശൗര്യംകുഴി, സിബി തോമസ്, ബിജോ മാത്യു എന്നിവർ അറിയിച്ചു.