കട്ടപ്പന റിംഗ് റോഡിനും മൂലമറ്റം പാലത്തിനും അംഗീകാരം: മന്ത്രി റോഷി
1513571
Thursday, February 13, 2025 12:03 AM IST
തിരുവനന്തപുരം: കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി റിംഗ് റോഡിനും മൂലമറ്റം എകെജി പാലത്തിനും ബജറ്റിൽ തുക അനുവദിച്ച് അംഗീകാരമായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നിർമിക്കുന്നതോടെ തമിഴ്നാട്ടിൽനിന്ന് കട്ടപ്പനയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും എറണാകുളം, കോട്ടയം, കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും ടൗണിൽ പ്രവേശിക്കാതെ യാത്ര സാധ്യമാകും. കട്ടപ്പനയുടെ ഏറെ നാളായുള്ള ആവശ്യമാണ് നടപ്പാകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇതോടൊപ്പം മൂലമറ്റം സെന്റ് ജോർജ് സ്കൂളിന് സമീപമുള്ള റോഡിലൂടെ തൊടുപുഴയാറിന് കുറുകേ എകെജി ജംഗ്ഷനിൽ പാലം നിർമിക്കുന്നതിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള തൂക്കുപാലത്തിന് സമീപം ത്രിവേണി സംഗമത്തിനരികിലാണ് പുതിയ കോണ്ക്രീറ്റ് പാലം നിലവിൽ വരിക. 11 മീറ്റർ വീതിയിലാണ് പുതിയ പാലം നിർമിക്കുന്നത്. സംസ്ഥാന ബജറ്റിന്റെ പൊതുചർച്ചയുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഈ രണ്ടു പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തുന്നതായി അറിയിച്ചത്.
പാലം യാഥാർഥ്യമാകുന്നതോടെ മൂലമറ്റം, അറക്കുളം ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ മൂന്നു കിലോമീറ്ററോളം ദൂരം കുറയും. നിലവിലുള്ള റോഡ് വീതി കൂട്ടി മുന്നുങ്കവയൽ, കൂവപ്പിള്ളി ഇലവീഴാ പൂഞ്ചിറ വഴി ഈരാറ്റുപേട്ടയ്ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതുവഴി ഇരാറ്റുപേട്ടയിലേക്ക് 18 കിലോമീറ്ററോളം ദൂരം ലാഭിക്കാം. വാഗമണ്, തേക്കടി എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന സഞ്ചാരികൾക്ക് ഇടത്താവളമെന്ന നിലയിൽ മൂലമറ്റത്തെ ടൂറിസം ഹബ്ബാക്കി മാറ്റാനും ഇതുവഴി കഴിയും. നിലവിലുള്ള തൂക്കുപാലം നിലനിർത്തിയാണ് പുതിയ പാലത്തിന്റെ നിർമാണമെന്നും മന്ത്രി പറഞ്ഞു.