നിർമാണപ്രവൃത്തികൾ സ്തംഭിച്ചു; നഗരസഭാ കൗണ്‍സിലിൽ പ്രതിഷേധം
1513570
Thursday, February 13, 2025 12:03 AM IST
തൊടുപുഴ: നഗരസഭയിൽ വിവിധ വാർഡുകളിലെ മരാമത്തു ജോലികൾ ആരംഭിക്കാത്തതിൽ കൗണ്‍സിൽ യോഗത്തിൽ അംഗങ്ങളുടെ പ്രതിഷേധം. സാന്പത്തിക വർഷം അവസാനിക്കാറായിട്ടും നിർമാണ പ്രവൃത്തികൾ തുടങ്ങാത്തതാണ് അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം ചേർന്ന കൗണ്‍സിലിൽ എൽഡിഎഫ് അംഗം ആർ. ഹരി ആണ് പ്രമേയത്തിലൂടെ ചോദ്യങ്ങൾ ഉന്നയിച്ചത്.
സ്പിൽ ഓവറിൽ ഉൾപ്പെടുന്ന 147 മരാമത്ത് ജോലികളും 2024-25 സാന്പത്തിക വർഷത്തെ 142 വർക്കുകളുമാണുള്ളത്. ഇതിൽ എട്ടെണ്ണം മാത്രമാണ് നിർമാണ ജോലികൾ ആരംഭിച്ചത്. ബാക്കിയുള്ളവയിൽ പകുതിയോളം ടെൻഡർ നടപടികൾ പൂർത്തിയാകാതെ കിടക്കുന്നു. ഈ നിലയിൽ മാർച്ചിന് മുന്‍പായി ഒരു നിർമാണ പ്രവൃത്തിയും നടക്കില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 126 വർക്കുകൾ ഉള്ളതിൽ പകുതി പോലും ആരംഭിച്ചിട്ടില്ലന്നും ഇക്കാര്യത്തിൽ സെക്രട്ടറിയും എൻജനിയറിംഗ് വിഭാഗവും അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് എൽഡിഎഫ് അംഗം സിജി റഷീദ് ആവശ്യപ്പെട്ടു.
നഗരസഭയിൽ ഉദ്യോഗസ്ഥരെ സെക്ഷൻ മാറ്റുന്ന കാര്യം താൻ അറിയുന്നില്ലെന്നും ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ടവർ തന്നോട് ആലോചിക്കാറില്ലെന്നും അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി പറഞ്ഞു. യുഡിഎഫ് അംഗങ്ങളായ കെ. ദീപക്, ജോസഫ് ജോണ്‍, സനീഷ് ജോർജ്, എം.എ. കരിം എന്നിവരും നഗരസഭയുടെ നിലപാടിൽ പ്രതിഷേധിച്ചു.
കരാറുകാർ വർക്കുകൾ എടുക്കാൻ തയാറാകാത്തത് എൻജനിയറിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ മൂലമാണെന്നും കൗണ്‍സിലർമാർ ആരോപിച്ചു. നഗരത്തിലെ വഴിവിളക്കുകൾ തെളിക്കാൻ നടപടി ഉണ്ടാകാത്തതിൽ ബിജെപി അംഗം ടി.എസ്. രാജൻ പ്രതിഷേധിച്ചു. സമയബന്ധിതമായി ജോലികൾ തീർക്കാൻ പരിശ്രമിക്കുമെന്ന് സെക്രട്ടറിയും അസി. എക്സി. എൻജനിയറും കൗണ്‍സിലിനു ഉറപ്പു നൽകി. 34 അജണ്ടകൾ ഉണ്ടായിരുന്നെങ്കിലും പകുതി മാത്രം ചർച്ചയ്ക്കെടുത്തു യോഗം പിരിയുകയായിരുന്നു.