മറയൂരിലെ കരിമ്പുകര്‍ഷകര്‍ പ്രതിസന്ധിയില്‍
1513568
Thursday, February 13, 2025 12:03 AM IST
അടിമാലി: മറയൂരിലെ കരിമ്പു കര്‍ഷകര്‍ പ്രതിസന്ധിയില്‍.ഏറെ പേരുകേട്ടതാണ് മറയൂരിലെ കരിമ്പുകൃഷി. കര്‍ഷകര്‍ ഉത്പാദിപ്പിച്ചിരുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭൗമ സൂചിക പദവി ലഭിക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് മറയൂരിലെ കരിമ്പ് കര്‍ഷകര്‍ വിവിധ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ്.
കരിമ്പിന്‍തോട്ടത്തില്‍ കൃഷിജോലികള്‍ക്കായി തൊഴിലാളികളെ കിട്ടാനില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തമിഴ്നാട് ശര്‍ക്കരയുടെ കടന്നുവരവ് നിയന്ത്രിക്കാനാവാത്തതാണ് മറ്റൊരു പ്രതിസന്ധി. ഇതു മൂലം മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തുന്നത് യഥാർഥ മറയൂർ ശർക്കരയുടെ വിലയിടിവിനു കാരണമാകുകയാണ്.
കാലാവസ്ഥ വ്യതിയാനമാണ് കരിമ്പുകര്‍ഷകര്‍ നേരിടുന്ന മറ്റൊരു ഭീഷണി. കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത വേനലില്‍ വലിയ തോതില്‍ കരിമ്പ് കൃഷി ഉണങ്ങി നശിച്ചിരുന്നു. ഇതിന് മതിയാം വിധമുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്. കാട്ടുമൃഗ ശല്യവും കരിമ്പ് കര്‍ഷകര്‍ക്ക് ഭീഷണിയാണ്. പ്രതികൂല സാഹചര്യങ്ങളാൽ കര്‍ഷകരില്‍ പലരും കൃഷിയില്‍നിന്നു പിന്‍വാങ്ങിയിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മറയൂരില്‍ കരിമ്പ് കൃഷി കുറഞ്ഞു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ കരിമ്പ് കൃഷിയില്‍നിന്നു പിന്‍വാങ്ങിയേക്കാം എന്നതാണ് സ്ഥിതി.