ഫർണിച്ചർ സ്ഥാപനത്തിന് തീ പിടിച്ച് 35 ലക്ഷത്തിന്റെ നഷ്ടം
1513565
Thursday, February 13, 2025 12:03 AM IST
തൊടുപുഴ: ഫർണിച്ചർ നിർമാണ സ്ഥാപനത്തിന് തീ പിടിച്ച് 35 ലക്ഷം രൂപയുടെ നഷ്ടം. ഉടുന്പന്നൂർ ടൗണിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന കോലോത്ത് ഫർണിച്ചർ മാർട്ട്, സമീപത്തെ ലെയ്ത്ത് വർക്ക് ഷോപ്പ്, ഓയിൽ മിൽ എന്നിവയ്ക്കാണ് ചൊവ്വാഴ്ച രാത്രി 10.45 ഓടെ തീപിടിച്ചത്. ഇതിനു സമീപം തട്ടുകട നടത്തുന്നയാളാണ് തീ ആളിപ്പടരുന്നത് കണ്ട് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.
സേനയെത്തി ഫർണിച്ചർ മാർട്ടിന്റെ ഷട്ടർ, മതിൽ, ഗ്രിൽ എന്നിവ പൊളിച്ച് അകത്തുകയറി തീ അണച്ചു.
തൊടുപുഴ സ്റ്റേഷനിൽനിന്നും രണ്ടു യൂണിറ്റുകളും കലൂർക്കാടുനിന്നും ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്. ഫർണിച്ചർ മാർട്ടിലെ തേക്ക്, ആഞ്ഞിലി, പ്ലാവ്, ഈട്ടി എന്നീ മര ഉരുപ്പടികളും മോട്ടോറുകളും നിർമാണം പൂർത്തിയായ ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ ഏകദേശം 35 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു.
ഉടുന്പന്നൂർ കോലോത്ത് സജീവന്റെ ഉടമസ്ഥതയിലുള്ളതാണ് ഫർണിച്ചർ മാർട്ട്. ഓലിയാനിക്കൽ ശശിയുടെ ലെയ്ത്ത് വർക്ക് ഷോപ്പ്, മുടൂർ ബേബിച്ചന്റെ ഓയിൽ മിൽ എന്നിവയിലേക്ക് കാര്യമായ തോതിൽ തീ പടരാതെ സംരക്ഷിക്കാനായി.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും കെഎസ്ഇബി അധികൃതരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. രണ്ടു മണിക്കൂർ നേരത്തേ പരിശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ കെ. ജാഫർഖാൻ, പി.കെ. സിജോയ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഷൗക്കത്തലി ഫവാസ്, ജിജോ ഫിലിപ്പ്, ജോബി കെ. ജോർജ്, കെ. ഉപാസ്, പി.ജി. സജീവ്, ഷിബിൻ ഗോപി, എം.ടി. ബെന്നി, ജസ്റ്റിൻ ജോയ്, പി.കെ. ഷാജി, വി.ആർ. വിഷ്ണു, ജി. നിതീഷ്, എ. അബിൻകുമാർ, എബി ബിജു എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.