ന്യൂമാൻ എൻസിസിക്ക് വീണ്ടും ചരിത്രനേട്ടം
1513564
Thursday, February 13, 2025 12:03 AM IST
തൊടുപുഴ: എൻസിസിയുടെ കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ ഏറ്റവും മികച്ച സ്ഥാപനമായി തൊടുപുഴ ന്യൂമാൻ കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ഒന്നിലധികം തവണ എൻസിസി ബാനർ അവാർഡ് നേടിയ സംസ്ഥാനത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ന്യൂമാൻ കോളജ്. കേണൽ പ്രശാന്ത് നായരുടെ നേതൃത്വത്തിലുള്ള മൂവാറ്റുപുഴ 18 കേരള ബറ്റാലിയനാണ് എൻസിസി യൂണിറ്റിനെ നയിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാനിൽനിന്നു പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, സീനിയർ അണ്ടർ ഓഫീസർ എസ്. ആദർശ്, അണ്ടർ ഓഫീസർ എം.ആർ. രാധിക എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഇത്തവണ റിപ്പബ്ലിക് ദിന ക്യാന്പിലേക്കും ന്യൂമാൻ കോളജിലെ എൻസിസി ബാൻഡ് ടീം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എൻസിസി ബാൻഡ് ടീം റിപ്പബ്ലിക് ദിന ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നേട്ടം കൈവരിച്ച എൻസിസി ടീമിനെ കോളജ് രക്ഷാധികാരി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാനേജർ മോണ്‍. പയസ് മലേക്കണ്ടതിൽ, മേജർ ജനറൽ രമേശ് ഷണ്മുഖം, ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.വി.എസ്. റെഡ്ഢി, കേണൽ പ്രശാന്ത് നായർ, ലഫ്. കേണൽ അനിരുദ്ധ് സിംഗ്, കോതമംഗലം രൂപത ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി. റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, വൈസ്പ്രിൻസിപ്പൽമാരായ ഡോ. സാജു ഏബ്രഹാം, പ്രഫ.ബിജു പീറ്റർ, ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി എന്നിവർ അഭിനന്ദിച്ചു.