മുളങ്കാടുകൾ സംരക്ഷിച്ച് ടൂറിസം വികസനം: കളക്ടർ സ്ഥലം സന്ദർശിച്ചു
1513563
Thursday, February 13, 2025 12:03 AM IST
തൊടുപുഴ: ആനക്കയം-കോളപ്ര റോഡിനു സമീപം ഇല്ലികൾ പടർന്നു പന്തലിച്ചുനിൽക്കുന്ന പ്രദേശം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി സന്ദർശിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ടൂറിസം സെന്ററാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കളക്ടർ ഇവിടം സന്ദർശിച്ചത്.
സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതമായി 2023-24 വർഷത്തിൽ ഒരുകോടി രൂപ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ചിരുന്നു. ഈ തുക ഉപയോഗപ്പെടുത്തി മുളങ്കാട് സംരക്ഷിച്ച് ഇവിടം വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം ചിൽഡ്രൻസ് പാർക്ക്, നടപ്പാത, ജിംനേഷ്യം തുടങ്ങിയവയും ആദ്യഘട്ടത്തിൽ ഇവിടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നു. ഇതിന് എംവിഐപിയുടെയും ജലവിഭവ വകുപ്പിന്റെയും എൻഒസി ഉൾപ്പെടെ ലഭിക്കേണ്ടതുണ്ട്.
തുടർന്നു വിശദമായ പ്രോജക്ട് തയാറാക്കി ഡിപിസിയുടെ അംഗീകാരവും ലഭ്യമാക്കേണ്ടതുണ്ട്. പദ്ധതിക്ക് അനുമതി ലഭിച്ചാൽ ഉടൻതന്നെ യാഥാർഥ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ദീപികയോട് പറഞ്ഞു.
റോബി സിറിയക് പഴയിടത്ത്, മൈമൂണ്‍ ജോഷി, ഡിയോണ്‍ തോമസ് മുണ്ടിയാങ്കൽ, രാജു സ്കറിയ വള്ളോപ്പിള്ളിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവിടുത്തെ വിനോദസഞ്ചാര സാധ്യത സംബന്ധിച്ച് കളക്ടറെ ബോധ്യപ്പെടുത്തി.