സഭയുടെ വലിയ ശുശ്രൂഷ ആതുരശുശ്രൂഷ: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
1513562
Thursday, February 13, 2025 12:03 AM IST
നെടുങ്കണ്ടം: ക്രൈസ്തവ സഭയുടെ ഏറ്റവും വലിയ ശുശ്രൂഷയാണ് ആതുരശുശ്രൂഷയെന്ന് ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.
നെടുങ്കണ്ടം കരുണ ധ്യാന കേന്ദ്രത്തില്‍ നടന്ന ഇടുക്കി രൂപതാതല രോഗീ ദിനാചരണം, ലൂര്‍ദ് മാതാവിന്റെ തിരുനാള്‍, ധ്യാന കേന്ദ്രത്തിന്റെ രണ്ടാം വാര്‍ഷികം എന്നിവയുടെ ഭാഗമായി നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു രൂപതാധ്യക്ഷൻ.
ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് സമര്‍പ്പിതരും അല്ലാത്തവരും രാവും പകലും രോഗികള്‍ക്ക് സാന്ത്വനം നല്‍കുകാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നാം തിരിച്ചറിയാതെ പോകുകയാണ്.
കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളാണ് ഇവരും ചെയ്യുന്നത്. നാമും കര്‍ത്താവിന്റെ കരങ്ങളും ഉപകരണങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ നമ്മിലൂടെ അശരണര്‍ക്ക് ആശ്വാസം ലഭിക്കുമെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാനയ്ക്ക് ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, പ്രൊക്കുറേറ്റർ ഫാ. ജോസഫ് തച്ചുകുന്നേല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. രോഗീദിനാചരണത്തിന്റെ ഭാഗമായി 13 മണിക്കൂര്‍ ആരാധന, രോഗികള്‍ക്കായുള്ള കുമ്പസാരവും തൈലംപൂശല്‍ പ്രാര്‍ഥനയും ആരാധനയുടെ ആശീര്‍വാദം, രോഗീദിന ശുശ്രൂഷ, രോഗികള്‍ക്കുവേണ്ടിയുള്ള കൈവയ്പ് പ്രാര്‍ഥന, പാച്ചോര്‍ നേര്‍ച്ച എന്നിവയും നടന്നു.
പരിപാടികള്‍ക്ക് കരുണ ഡയറക്ടര്‍ ഫാ. ജയിംസ് മാക്കിയില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ബിബിന്‍ അറയ്ക്കല്‍, ഫാ. ജോസഫ് ഒട്ടലാങ്കല്‍, ഫാ. വിനോദ് കാനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.