വിളവെടുപ്പ് സമയമായപ്പോൾ വെളുത്തുള്ളി വിലയിടിയുന്നു
1513560
Thursday, February 13, 2025 12:03 AM IST
അടിമാലി: മറയൂര്‍, വട്ടവട മേഖലകളില്‍ വെളുത്തുള്ളി വിളവെടുപ്പാരംഭിക്കാനിരിക്കേ വെളുത്തുള്ളിയുടെ വില ഇടിയുന്നു. ഗുണമേന്മയില് മുമ്പന്തിയിലാണ് മറയൂര്‍, വട്ടവട മേഖലകളിലെ വെളുത്തുള്ളി. വെളുത്തുള്ളിക്ക് ആവശ്യക്കാരും ധാരാളമുണ്ട്.മാസങ്ങള്‍ക്ക് മുമ്പ് കൃഷിയിറക്കിയ വെളുത്തുള്ളിയുടെ വിളവെടുപ്പ് ആരംഭിച്ച് കഴിഞ്ഞു.
വിളവെടുപ്പിന് തുടക്കം കുറിച്ചെങ്കിലും വെളുത്തുള്ളിയുടെ വില ഇടിയുന്ന സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. നിലവില്‍ 250 നടുത്താണ് വെളുത്തുള്ളി വില.വിവിധയിനം വെളുത്തുള്ളികള്‍ കര്‍ഷകര്‍ കാന്തല്ലൂര്‍ മേഖലയില്‍ കൃഷി ചെയ്യുന്നുണ്ട്. ഒരോ ഇനവും മൂപ്പെത്തി പാകമാകാന്‍ വേണ്ടിവരുന്ന സമയകാലാവധി വൃത്യസ്തമാണ്. മുന്‍വര്‍ഷങ്ങളില്‍ 600 നടുത്തെത്തിയ വെളുത്തുള്ളി വിലയാണിപ്പോള്‍ 250ലേക്ക് കൂപ്പുകുത്തിയത്.
കഴിഞ്ഞ വര്‍ഷം 400നടുത്തായിരുന്നു വെളുത്തുള്ളി വില. 300 രൂപ നല്കി വിത്ത് വാങ്ങിയാണ് നിലവിലിപ്പോള്‍ പല കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്. വിത്തിന്റെ വിലയും പരിപാലനച്ചെലവും കണക്കാക്കിയാൽ നിലവിലെ വെളുത്തുള്ളി വില കര്‍ഷകര്‍ക്ക് ലാഭം നല്‍കുന്നതല്ല.