തൊടുപുഴ നഗരസഭ : പദ്ധതികൾ താളം തെറ്റുന്നു; സാന്പത്തികവർഷം അവസാനിക്കുന്നു
1512219
Saturday, February 8, 2025 11:40 PM IST
തൊടുപുഴ: സാന്പത്തികവർഷം അവസാനിക്കാൻ ഒരുമാസം മാത്രം അവശേഷിക്കെ നഗരസഭയിലെ പദ്ധതികൾ താളം തെറ്റുന്നു. ഇതുവരെ നാമമാത്രമായ പദ്ധതികൾ മാത്രമാണ് ടെൻഡർ ചെയ്തിട്ടുള്ളത്.
സാന്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നു മുന്പ് വർക്കുകൾ ടെൻഡർ ചെയ്ത് നിർമാണം പൂർത്തീകരിച്ച് ബില്ലെഴുതി നൽകേണ്ടതുണ്ട്. എന്നാൽ ഇതുവരെ ഭൂരിഭാഗം വർക്കുകളുടെയും ടെൻഡർ പോലും വിളിക്കാനായിട്ടില്ല.
പദ്ധതികൾ തയാറാക്കി ഡിപിസിയുടെ അനുമതി വാങ്ങിയ ശേഷം വർക്ക് ടെൻഡർ ചെയ്യണം. ടെൻഡർ ചെയ്ത വർക്കുകൾ പൂർത്തീകരിച്ചാലെ ഫണ്ട് വിനിയോഗം പൂർണമാക്കാനാകൂ. മുഴുവൻ ജോലികളും പൂർത്തിയാക്കാനായില്ലെങ്കിൽ സ്പിൽ ഓവർ വർക്കായി പിന്നീട് പൂർത്തീകരിക്കാനേ കഴിയൂ.
ഡിപിസിയുടെ അനുമതി ലഭിച്ച വർക്കുകൾ ടെൻഡർ ചെയ്ത് ജോലി നിർവഹിച്ചില്ലെങ്കിൽ അത്രയും തുക വരും വർഷത്തേക്ക് നഷ്ടമാകും എന്ന അതീവഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്.
ഇതു വികസന പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയുണ്ടാകും. അതോടെ അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താറുമാറാകും.
കഴിഞ്ഞസാന്പത്തികവർഷവും നഗരസഭയിൽ 50 ശതമാനത്തിൽ താഴെ വർക്കുകൾ മാത്രമാണ് പൂർത്തീകരിക്കാനായത്. നഗരവികസനത്തിനാവശ്യമായ പുതിയ പദ്ധതികൾ തയാറാക്കി അംഗീകാരം നേടുന്നതിനു സർക്കാർതലത്തിൽ ഉൾപ്പെടെ നിരന്തര ഇടപെടൽ നടത്താൻ കഴിയാത്തതു മൂലം വലിയ പദ്ധതികളൊന്നും നഗരസഭയിൽ കൊണ്ടുവരാനായിട്ടില്ല.
ഓരോ പദ്ധതിയും തയാറാക്കി യഥാസമയം സമർപ്പിക്കുകയും ഇതിനാവശ്യമായ നിരന്തര ഇടപെടൽ നടത്തുകയും ചെയ്താലേ സമയബന്ധിതമായി പദ്ധതികൾ നേടിയെടുക്കാനാവൂ.
അഴിമതിക്കേസിൽ മുൻ നഗരസഭാ എൻജിനിയർ സി.ടി. അജി അറസ്റ്റിലായതിനെത്തുടർന്നു നഗരസഭയിലെ പ്രോജക്ടുകളുടെ നിർവഹണം അവതാളത്തിലായിരുന്നു. ഏതാനും ദിവസം മുന്പാണ് റിട്ടയർ ചെയ്ത എൻജിനിയർമാരുടെ പാനലിൽനിന്ന് ഒരാളെ നിയമിച്ചത്.
പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വന്നതിൽ പ്രതിപക്ഷത്തുനിന്നു മാത്രമല്ല ഭരണപക്ഷത്തുനിന്നുപോലും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
പുതിയ ചെയർപേഴ്സണ് സ്ഥാനമേറ്റതിനു ശേഷം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളവരുമായി കൃത്യമായ ചർച്ചകളും ആലോചനകളും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതു വികസനപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നഗരസഭാ വാർഡുകളിലെ തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. ഈ സംഭവത്തിൽ കൗണ്സിലർമാർ നഗരസഭയ്ക്കു മുന്നിൽ പ്രത്യക്ഷ സമരം വരെ നടത്തിയിരുന്നു.
മങ്ങാട്ടുകവല ബസ് സ്റ്റാൻഡ്, നഗരസഭയുടെ കീഴിലുള്ള റോഡുകൾ എന്നിവ കുണ്ടും കുഴിയുമായി തീർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്നിട്ട് നാളേറെയായി.
ഇവ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കാൻ ചെറുവിരൽ അനക്കാൻ പോലും നഗരസഭാധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.