ബിനോജ് മോഹനന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും
1512218
Saturday, February 8, 2025 11:40 PM IST
ഉപ്പുതറ: തലയ്ക്ക് പരിക്കേറ്റ് റോഡരികിൽ കിടന്ന യുവാവ് ചികിത്സയിലിരിക്കേ മരിച്ച സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തും. ചപ്പാത്ത് പുതുപ്പറമ്പിൽ ബിനോജ് മോഹനൻ( 48) മരിച്ച സംഭവമാണ് പീരുമേട് ഡിവൈ എസ്പി വിശാൽ ജോൺസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവിയാണ് സംഘത്തെ നിയോഗിച്ചത്.
ബിനോജിന്റെ പിതാവ് പി.കെ. മോഹനൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നാണിത്. കേസ് അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമീഷനും ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ചികിത്സാ പിഴവുണ്ടെങ്കിൽ അതു കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപവൽക്കരിക്കാനും കമീഷൻ നിർദേശിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 24ന് രാത്രി 10നാണ് ബിനോജിനെ വീടിന് മുൻപിലുള്ള റോഡരികിൽ തലയ്ക്ക് പിന്നിലെ മുറിവിൽനിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
മെഡിക്കൽ കോളജിലെ ചികിത്സയിലും കാര്യമായ പുരോഗതി ഉണ്ടായില്ല. തുടർന്ന് ബിനോജിനെ വീട്ടിലെത്തിച്ച് ഡോക്ടർമാരുടെ നിർദേശ പ്രകാരമുള്ള ചികിത്സ നൽകി. എന്നാൽ 160-ാം ദിവസം 2024 ഏപ്രിൽ ഒന്നിന് ബിനോജ് മരിച്ചു.
അന്വേഷണം തൃപ്തികരമല്ലെന്നും ചികിത്സാ പിഴവുണ്ടെന്നും കാട്ടി പോലീസ് മേധാവിക്ക് മോഹനൻ വീണ്ടും പരാതി നൽകി. കൂടുതൽ അന്വേഷണം വേണമെന്ന് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതിനൽകിയത്.