തമിഴ് നടൻ സുബ്രഹ്മണ്യൻ അന്തരിച്ചു
1512217
Saturday, February 8, 2025 11:40 PM IST
മൂന്നാർ: മൈന, കുംകി തുടങ്ങിയ നിരവധി തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടൻ പി. സുബ്രഹ്മണ്യൻ (57) അന്തരിച്ചു.
വ്യാഴാഴ്ച രാത്രി 11ന് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു തൊടുപുഴയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് സഹപ്രവർത്തകരോടൊപ്പം മൂന്നാറിലേക്ക് മടങ്ങി വരുന്നതിനടിയിൽ അടിമാലിയിൽ ഉള്ള സുഹൃത്തിനെ കാണണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിൽ നിന്നും ഇറങ്ങിയിരുന്നു. സുഹൃത്തിന്റെ വീട്ടിൽ എത്തി ഏതാനും നിമിഷങ്ങൾക്കകം കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാറിൽ ചിത്രീകരണം നടത്തിയ മൈന എന്ന ചിത്രത്തിൽ മുഖം കാണിച്ച സുബ്രഹ്മണ്യൻ കുംകി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. അതോടെ കുംകി സുബ്രഹ്മണ്യൻ എന്ന് അറിയപ്പെടാനും തുടങ്ങി.
സുന്ദരപാണ്ഡ്യൻ, കഴുക് തുടങ്ങിയ ഒരു ഡസനിലേറെ സിനിമകളിൽ അഭിനയിച്ച സുബ്രമണ്യനെ തമിഴ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കിയത് ജനപ്രിയ ടിവി സീരിയൽ ആയ റാണി-വാണിയിലെ വേഷമായിരുന്നു.
മൂന്നാറിലെ രാഷ്ട്രീയ മേഖലയിലും സജീവ പ്രവർത്തകനായിരുന്നു. മൂന്നാറിലെ ഇക്കാ നഗറിലെ വസതിയിൽ പൊതു ദർശനത്തിനു വച്ചപ്പോൾ വിവിധ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാവിലെ 11ന് മൂന്നാറിലെ ശാന്തിവനത്തിൽ സംസ്കരിച്ചു.