മൂന്നാറിൽ ഡബിൾ ഡക്കർ ബസ് സർവീസ് മന്ത്രി ഉദ്ഘാടനം ചെയ്തു
1512216
Saturday, February 8, 2025 11:40 PM IST
മൂന്നാർ: വിനോദ സഞ്ചാരികൾക്ക് ഇനി കാഴ്ചകൾ ഡബിൾ ഡക്കറിൽ. കെഎസ്ആർടിസി സജ്ജീകരിച്ച ഡബിൾ ഡെക്കർ ബസ് സർവീസിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. ഡബിൾ ഡക്കറിനു മന്ത്രി പച്ചക്കൊടി വീശിയതോടെ മൂന്നാറിലെ വിനോദ സഞ്ചാരമേഖലയ്ക്കു പുതിയ കുതിപ്പായി കെഎസ്ആർടിസി യുടെ റോയൽ വ്യൂ പദ്ധതി ഉരുണ്ടു തുടങ്ങി.
റോയൽ വ്യൂ എന്ന പേരിൽ തുടക്കം കുറിക്കുന്ന പദ്ധതിയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മൂന്നാറിൽനിന്നു ലോക്കാട് ഗ്യാപ്പ് വഴി ആനയിറങ്കൽ വരെയാണ് നിലവിൽ ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്. ഒരു ദിവസം നാലു സർവീസുകൾ വരെ നടത്തും. കൂടുതൽ ബസുകൾ എത്തിയാൽ മൂന്നാർ - മറയൂർ, മൂന്നാർ - മാട്ടുപ്പെട്ടി , ടോപ്പ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കും. ആദ്യ സർവീസിൽ മൂന്നാറിൽനിന്നു ദേവികുളം ബ്ലോക്ക് ഓഫീസ് വരെ മന്ത്രിയും യാത്ര ചെയ്തു.
രമൂന്നാർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ അഡ്വ.എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്കിടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഡിപ്പോയ്ക്കു സമീപം മൂന്നാറിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു. മൂന്നാറിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ ഉപജീവന മാർഗം മുടക്കുന്നതായാണ് ആരോപണം. ഇതേ കാരണം ഉയർത്തി മന്ത്രി എത്തുന്ന വേദിക്കു സമീപം ഐഎൻടിയുസി പ്രവർത്തകരും പ്രതിഷേധം നടത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഉദ്ഘാടനം നടത്തിയത്.