ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം
1512136
Friday, February 7, 2025 11:48 PM IST
കരിമണ്ണൂർ: ഫർണിച്ചർ നിർമാണശാലയിൽ അഗ്നിബാധ. കരിമണ്ണൂർ തെക്കേപ്പറന്പിൽ ജിജിയുടെ ഫർണിച്ചർ, കെട്ടിടത്തിനുള്ള കട്ടിള, ജനൽ എന്നിവ നിർമിക്കുന്ന സ്ഥാപനമാണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ കത്തി നശിച്ചത്. പാറത്താഴത്ത് ജോളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വർക്ക്ഷോപ്പിൽ സൂക്ഷിച്ചിരുന്ന നിർമാണം പൂർത്തിയാകാറായ ഫർണിച്ചറുകളും മര ഉരുപ്പടികളും നിർമാണത്തിന് ഉപയോഗിക്കുന്ന മെഷിനറികളും മേൽക്കൂരയും കത്തി നശിച്ചു.
തൊടുപുഴ അഗ്നിരക്ഷാ നിലയത്തിൽനിന്ന് അസി. സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ തീയണച്ചു. വേഗത്തിൽ തീയണച്ചതിനാൽ പുതിയ മര ഉരുപ്പടികളും മറ്റും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്കും സമീപത്തെ ക്ഷീരോത്പാദക സംഘത്തിന്റെ ഓഫീസിലേക്കും ജീപ്പ് വർക്ക് ഷോപ്പിലേക്കും തീ പടരാതെ സംരക്ഷിക്കാൻ സാധിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് സംശയം. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉബാസ്, എബി, വിവേക് ജസ്റ്റിൻ, സന്ദീപ്, അനൂപ്, അനിൽ, നാസർ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.