റേഷൻ വിതരണം: മാര്‍ച്ചും ധര്‍ണയും നടത്തി
1512135
Friday, February 7, 2025 11:48 PM IST
നെടുങ്കണ്ടം: സംസ്ഥാനത്തെ റേഷന്‍ വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറികളുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം സാധാരണ ജനങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിവിശേഷമാണെന്ന് നേതാക്കള്‍ ആരോപിച്ചു. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സപ്ലൈകോ സംവിധാനങ്ങളെല്ലാം അട്ടിമറിച്ച നിലയിലാണ്. സാധാരണക്കാര്‍ക്ക് യഥാസമയം ലഭിച്ചിരുന്ന റേഷന്‍ അരി പോലും സമയത്ത് നല്കാന് സര്‍ക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പടിഞ്ഞാറേക്കവലയില്നിന്ന് ആരംഭിച്ച മാര്‍ച്ച് കിഴക്കേക്കവലയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നുനടന്ന ധര്‍ണ എഐസിസി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എസ്. യശോധരന് അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി. ജോസ്, നേതാക്കളായ എം.എന്‍. ഗോപി, സേനാപതി വേണു, ജി. മുരളീധരന്, മുകേഷ് മോഹനന്, ബെന്നി തുണ്ടത്തില്‍, ശ്യാമള വിശ്വനാഥന്, കെ.എന്‍. തങ്കപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.