ബ ജ റ്റ് : ഭൂ പ്രശ്നത്തിൽ മൗനം; കർഷകർക്ക് ഇരട്ടി പ്രഹരം
1512132
Friday, February 7, 2025 11:48 PM IST
തൊടുപുഴ: സംസ്ഥാന ബജറ്റിൽ ഇടുക്കിയിലെ കാർഷിക മേഖലയ്ക്ക് ഉണർവ് പകരുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല. പൈനാവിൽ ഐഎച്ച്ആർഡിയുടെ കീഴിൽ ലോ കോളജ്, ടൂറിസം വികസനത്തിന് സഹായകമായി നാടുകാണി പവലിയൻ-മൂലമറ്റം കേബിൾകാർ പദ്ധതി, അയ്യപ്പൻകോവിലിൽ പുതിയ പാലം, മൂവാറ്റുപുഴ-തേനി പാതയുടെ വികസനം തുടങ്ങിയവ പ്രഖ്യാപിച്ചതാണ് എടുത്തുപറയാവുന്ന നേട്ടം.
ജില്ലയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ബജറ്റ് മൗനം പാലിച്ചപ്പോൾ കർഷകരുടെ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്.
കാലാവസ്ഥാ വ്യതിയാനം മൂലം കാർഷികോത്പാദനം ഗണ്യമായി കുറയുന്പോൾ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു ജില്ലയിലെ കർഷകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഭൂനികുതി കുത്തനെ കൂട്ടുക കൂടി ചെയ്തതോടെ കർഷകർക്ക് ഇരട്ടി പ്രഹരമുണ്ടാകുകയും ചെയ്തു.
ജില്ലയിലെ വനാതിർത്തി മേഖലകളിലെ കാർഷികോത്പന്നങ്ങൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് തടയാൻ എന്തുചെയ്യുമെന്നും ബജറ്റിൽ പറയുന്നില്ല. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് എല്ലാ ജില്ലകൾക്കുമായി 70.40 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ഇടുക്കിക്ക് എത്രമാത്രം പ്രയോജനം ചെയ്യുമെന്ന് കണ്ടറിയണം. നിയോജകമണ്ഡലം അടിസ്ഥാനത്തിലും ശ്രദ്ധേയമായ പദ്ധതികൾ പേരിനുമാത്രമായി ചുരുങ്ങി. വിവിധ മണ്ഡലങ്ങളിൽ റോഡുകളുടെ നവീകരണത്തിനും നിർമാണത്തിനുമായി തുക നീക്കിവച്ചിട്ടുണ്ട്.
തൊടുപുഴ നിയോജക മണ്ഡലത്തിൽ മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ (കോട്ടറോഡ്) നിർമാണത്തിനായി നൽകിയ എസ്റ്റിമേറ്റിന്റെ 20 ശതമാനം തുകയാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് 10 കോടിയോളം രൂപ ലഭ്യമാകും. മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെ നിർമാണം പൂർത്തിയായിട്ടുള്ളതിനാൽ ശേഷിക്കുന്ന കുറേ ഭാഗത്തിന്റെ നിർമാണത്തിന് ഈ തുക പ്രയോജനപ്പെടുത്താനാകുമെന്നതും ഒരു പരിധിവരെ നേട്ടമാകും. പാതയുടെ നിർമാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും പരാതികളും നേരത്തെ ഹൈവേ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയിരുന്നു.
പാതയുടെ നിർമാണത്തിന് ആവശ്യമായ മുഴുവൻ തുകയും അനുവദിക്കാത്തതിനാൽ ഇനിയും നാളുകൾ കാത്തിരിക്കേണ്ടി വരും. തൊടുപുഴയിൽ സ്റ്റേഡിയം അടക്കമുള്ള പദ്ധതികൾക്ക് ഫണ്ടനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. സമീപനാളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മുതലക്കോടം ബൈപാസിന് ടോക്കണ്‍ തുക ഉൾപ്പെടുത്തിയത് ആശ്വാസമാണ്.
മലയോരത്തിന്റെ മനസറിഞ്ഞ
ബജറ്റ്: മന്ത്രി റോഷി
ഇടുക്കി: ജില്ലയ്ക്ക് മികച്ച പരിഗണന നൽകിയ ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാർഷിക മേഖലയ്ക്കൊപ്പം ടൂറിസത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും നിരവധി പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അയ്യപ്പൻകോവിൽ പാലം നിർമിക്കുന്നതിനായി 10 കോടി വകയിരുത്തിട്ടുണ്ട്.
പൈനാവ് ഐഎച്ച്ആർഡി ലോ കോളജ് അനുവദിച്ചത് ഇടുക്കിയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് മുതൽക്കൂട്ടാകും. മൂലമറ്റത്തുനിന്ന് നാടുകാണിയിലേക്ക് കേബിൾ കാർ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് ആദ്യ ഘട്ടമായി മൂന്നുകോടിയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലയിലെ ടൂറിസം രംഗത്തിന് ഇതു വലിയ നേട്ടമാകും.
ഇടുക്കിയിൽ എയർ സ്ട്രിപ്പിനായി 50 ലക്ഷം നീക്കിവച്ചതിലൂടെ പദ്ധതി യാഥാർഥ്യമാകുന്നതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാകും.
പട്ടിശേരി ഡാമും കനാൽ ശൃംഖലയുടെയും പൂർത്തീകരണത്തിനായി 17 കോടിയും വകയിരുത്തിയിട്ടുണ്ട്. ജില്ലയിലെ കുട്ടികൾക്കായി കെയർ ഹോം സ്ഥാപിക്കുന്നതിനായി മൂന്നുകോടിയും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ മൂന്നാറിൽ പുതിയ തീയറ്ററിനായി മൂന്നു കോടിയും നീക്കിവച്ചിട്ടുണ്ട്.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് 70.40 കോടിനീക്കി വച്ചതിൽ ഗണ്യമായ പങ്ക് ജില്ലയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളൊന്ന് ഒരു പരിധിവരെ പരിഹരിക്കുന്നതിന് സഹായിക്കും.
ബജറ്റ്: മണ്ഡലം അടിസ്ഥാനത്തിൽ
തൊടുപുഴ മണ്ഡലം
തൊടുപുഴ: മൂവാറ്റുപുഴ- തേനി സംസ്ഥാനപാതയുടെ ഭാഗമായ കോട്ടറോഡിന്റെ നിർമാണത്തിന് ബജറ്റിൽ 20 ശതമാനം തുക വകയിരുത്തിയിട്ടുണ്ടെന്ന് പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു. മുതലക്കോടം ബൈപാസ്, കാരിക്കോട്-മാരിയിൽ കലുങ്ക് -ചുങ്കം ബൈപാസ്, തൊടുപുഴ സ്റ്റേഡിയം നിർമാണം, മുട്ടം ബൈപാസ്, കറുകപള്ളി-വെള്ളിയാമറ്റം-കാഞ്ഞാർ, തടിപ്പാലം- കാഞ്ഞാർ, തൊടുപുഴ ജില്ലാ ആശുപത്രി അഡീഷണൽ ബ്ലോക്ക് നിർമാണം, നെല്ലാപ്പാറ-മടക്കത്താനം ബൈപാസ്, തൊടുപുഴ- അങ്കംവെട്ടി റോഡ്, പടി കോടിക്കുളം-വാഴക്കാല-കലൂർ, വണ്ണപ്പുറം-തൊമ്മൻകുത്ത് റോഡ്, കാഞ്ഞിരമറ്റം-തെക്കുംഭാഗം ഉൾപ്പെടെയുള്ള വിവിധ റോഡ് നിർമാണ പ്രവർത്തികൾക്ക് ടോക്കണ്‍ പ്രൊവിഷനും ലഭിച്ചിട്ടുണ്ട്.
ഇടുക്കി മണ്ഡലം: ഇതര പദ്ധതികൾ
ഇടുക്കി: ചെറുതോണിയിൽ കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനക്ഷമമാക്കി ബസ് സർവീസുകൾ ആരംഭിക്കുന്നതിന് രണ്ടു കോടി, നിയോജകമണ്ഡലത്തിലെ വിവിധ ടൗണ്‍ റോഡുകളുടെ വികസനത്തിനും സൗന്ദര്യവത്കരണത്തിനും നാലുകോടി, കുട്ടികൾക്ക് കെയർ ഹോം സ്ഥാപിക്കുന്നതിനു മൂന്നുകോടി, പട്ടിക ജാതി പട്ടികവർഗ കോളനികളിൽ സൗരോർജ പാനൽ പദ്ധതി, ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് വീടു നിർമിക്കുന്നതിനു ഭൂമി വാങ്ങാൻ 170 കോടി, വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്.
പീരുമേട് മണ്ഡലം
പീരുമേട്: മണ്ഡലത്തിൽ ബജറ്റ് വിഹിതമായി 90 കോടിയുടെ പദ്ധതികൾ ഉൾപ്പെടുത്തി. വാളാർഡി-ചെങ്കര സങ്കരഗിരി റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കുന്നതിനു അഞ്ചുകോടി, മൂഴിക്കൽ-തോപ്പിൽകടവ് പാലം പുനർനിർമാണം-ഏഴുകോടി.
ടോക്കണ്‍ പ്രൊവിഷൻ പദ്ധതികൾ: കുമളി ബി.എഡ് കോളേജിന് പുതിയ കെട്ടിട നിർമാണം 1.5 കോടി, കന്പിക്കൽ ഏഴാം നന്പർ ഹൈവേ (മീൻമുട്ടി) ലിങ്ക്റോഡ് നിർമാണം രണ്ടുകോടി, പാലൂർക്കാവ് പാലം നിർമാണം അഞ്ചു കോടി, തോട്ടാപ്പുര 44-ാം മൈൽ റോഡ് നിർമാണം അഞ്ചു കോടി, കൊക്കയാർ പഞ്ചായത്തിൽ കളിക്കളം നിർമാണം അഞ്ചു കോടി, പീരുമേട് ശ്രീമൂലം തിരുനാൾ സ്മാരക ക്ലബ് ആന്റ്പബ്ലിക് ലൈബ്രറി കെട്ടിടം ഏഴുകോടി, മതംബ വട്ടമല റോഡും ചെന്നാപ്പാറതാഴെ മുതൽ കൈ ചൂണ്ടി വരെയുള്ള റോഡ് നിർമാണം ഏഴുകോടി, ചെന്നിനായ്ക്കൻ ഉന്നതിയിൽ സാംസ്കാരികനിലയം 50 ലക്ഷം, വണ്ടിപ്പെരിയാർ എക്സൈസ് ഓഫീസ് കെട്ടിടനിർമാണം ഒരുകോടി, കുമളി പഞ്ചായത്തിൽ ബഡ്സ് സ്കൂൾ കെട്ടിടം അഞ്ചുകോടി, പശുപ്പാറ ഏഴാം നന്പർ-വാഗമണ്‍ ലിങ്ക് റോഡ് നിർമാണം അഞ്ചുകോടി, പീരുമേട് ആയൂർവേദ ആശുപത്രി കെട്ടിട നിർമാണം ഒരുകോടി, വാഗമണ്‍ ടൗണ്‍ സമഗ്ര വികസനത്തിന് 10 കോടി,കോലാഹലമേട് ഡയറി സയൻസ് കോളജ്പരീക്ഷണ ഗവേഷണ ഡയറി പ്ലാന്റ് നിർമാണം അഞ്ചുകോടി, കൊക്കയാർ-വെന്പിളിഉറുന്പിക്കര-മതാമാക്കുളം-ആഷ്ലികുട്ടിക്കാനം റോഡ് നിർമാണം ഏഴുകോടി, അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ടർഫ് സ്റ്റേഡിയം നിർമാണം ഒരുകോടി, ചക്കുപള്ളം ഗവ. ട്രൈബൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമാണം അഞ്ചു കോടി.
ദേവികുളം മണ്ഡലം
മൂന്നാർ: ടൗണിൽ ചലച്ചിത്ര വികസന കോർപറേനു കീഴിൽ തിയറ്റർ നിർമാണത്തിന് മറയൂരിൽ ടൗണ്‍ഹാൾ നിർമാണത്തിനും ഗസ്റ്റ് ഹൗസ് നിർമാണത്തിനായി അഞ്ചുകോടി, പട്ടിശേരി അണക്കെട്ടിന്റെ നിർമാണ പൂർത്തീകരണത്തിനായി മൂന്നു കോടി, മൂന്നാർ-ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിലെ രാജമലയിൽ പുതിയപാലം നിർമിക്കുന്നതിന് രണ്ടുകോടി, മൂന്നാർ ടൗണിലെ തിരക്ക് കുറയ്ക്കുന്നതിനായി പാലമടക്കം ബൈപാസ് റോഡ് നിർമാണത്തിന് മൂന്നുകോടി, ആനക്കുളത്ത് ടൂറിസം വികസനത്തിന് രണ്ട് കോടി, മൂന്നാർ ഡിസ്പെൻസറി ഒരുകോടി, ആനച്ചാൽ-വെള്ളത്തൂവൽ റോഡിലെ രണ്ടുകിലോമീറ്റർ നവീകരണം രണ്ടുകോടി,ചിത്തിരപുരം ഐടിഐ വികസനം-രണ്ടുകോടി.
ഉടുന്പൻചോല മണ്ഡലം
നെടുങ്കണ്ടം: ഉടുന്പൻചോല നിയോജക മണ്ഡലത്തിൽ 130 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചു.
സ്കൂൾ-കോളജ് കെട്ടിടങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുള്ള കെട്ടിടങ്ങൾ, റോഡുകൾ, ആയുർവേദ മെഡിക്കൽ കോളജ് കെട്ടിടം തുടങ്ങിയവയ്ക്ക് ഫണ്ട്, നാലുമുക്ക്, ശാന്തൻപാറ, പുളിയൻമലപാന്പാടുംപാറ, മാവടി, സേനാപതി, പഴയവിടുതി, പന്നിയാർ എന്നീ സ്കൂളുകൾക്ക് കെട്ടിട നിർമാണത്തിനായി ഒരുകോടി വീതം അനുവദിച്ചത്. പൂപ്പാറ ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളജിന്റെ കെട്ടിട നിർമാണത്തിന് 10 കോടി, ശാന്തൻപാറ, കരുണാപുരം, രാജകുമാരി കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട് കോടി, ഉടുന്പൻചോല ആയുർവേദ മെഡിക്കൽ കോളജ് 25 കോടി, താന്നിമൂട്-തേവാരംമെട്ട് റോഡ് 10 കോടി.
തൂക്കുപാലം-പുഷ്പക്കണ്ടം-ആനക്കല്ല് റോഡ് 10 കോടി, ഇരട്ടയാർ -തങ്കമണി റോഡിൽ ഇരട്ടയാർ പാലം 10 കോടി, തൂവൽ-ഈട്ടിത്തോപ്പ് റോഡ്10 കോടി, കൽക്കൂന്തൽ-ചേലക്കവല- പൊന്നാമല- പെരിഞ്ചാംകുട്ടി റോഡ് 12 കോടി, രാജകുമാരി സൗത്ത് വിലക്ക് ബി ഡിവിഷൻ-പെരിയകനാൽ 12 കോടി, എൻആർസിറ്റി-കുംഭപ്പാറ -കൊങ്ങിണിസിറ്റി-ബൈസണ്‍വാലി റോഡ് അഞ്ച് കോടി, മുണ്ടിയെരുമ-ദേവഗിരി-പാന്പാടുംപാറ റോഡ് അഞ്ചു കോടി, കടശിക്കടവ്-വാഴവീട്-കറുവാക്കുളം മേട്ടുക്കുഴി-ശാസ്താനട റോഡ് 10 കോടി.