ഫയർലൈൻ തെളിക്കാൻ തീയിട്ടു; വികലാംഗയുടെ കൃഷിയിടം കത്തിനശിച്ചു
1512131
Friday, February 7, 2025 11:48 PM IST
ചെറുതോണി: വനാതിർത്തിക്ക് ഫയർലൈൻ തെളിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇട്ട തീയിൽ സ്വകാര്യ വ്യക്തികളുടെ ദേഹണ്ഡങ്ങൾ കത്തിനശിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് മുളകുവള്ളിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നട്ടുച്ചയ്ക്ക് തീയിട്ടത്. ജന്മനാ ബധിരയും മൂകയുമായ കല്ലറക്കൽ മേരി ജോണിന്റെ പട്ടയഭൂമിയിലാണ് തീ നാശം വിതച്ചത്. സമീപവാസിയായ കണ്ടത്തിൻകര സണ്ണിയുടെ കൃഷിയിടത്തിലും തീ പടർന്ന് ദേഹണ്ഡങ്ങൾ കത്തിച്ചാന്പലായി.
തീകെടുത്താൻ ശ്രമിച്ച മേരിയുടെ സഹോദരൻ ജീഫിന് (ജോബി) പൊള്ളലേറ്റു. ഇയാളെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കശുമാവ്, കുരുമുളക്, കൊക്കോ, മലയിഞ്ചി, തെങ്ങ്, വാഴ എന്നിവയാണ് അഗ്നിക്കിരയായത്. ഒരേക്കർ പട്ടയഭൂമിയിൽ അര ഏക്കറോളം സ്ഥലത്തെ ദേഹണ്ഡങ്ങൾ കത്തി നശിച്ചു. ഉച്ചയ്ക്ക് തീയിടരുതെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും കേൾക്കാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്ന് ഇവർ പറഞ്ഞു. 2021ലും വനംവകുപ്പ് തീയിട്ടിരുന്നു. അന്ന് ഇവരുടെ കശുമാവ് കൃഷിയാണ് കത്തിനശിച്ചത്. നഗരംപാറ റെയിഞ്ച് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് വനാതിർത്തിയിൽ തീയിട്ടത്.
വിവരം റേഞ്ച് ഓഫീസറെ അറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ല. പുരയിടത്തോടൊപ്പം വീടിന്റെ പിൻഭാഗത്തും തീ പടർന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രമഫലമായി വീടിന് തീ പിടിക്കാതെ സംരക്ഷിക്കാനായി. വനം വകുപ്പിന്റെ ക്രൂരത മൂലം നിർധന കുടുംബത്തിന് 50 സെന്റ് സ്ഥലവും കാർഷികവിളകളും നഷ്ടമായി.
ഫയർ ലൈൻ തെളിക്കേണ്ടതിനു പകരം വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തീയിട്ടതാണ് മേരി ജോണിന്റെ പുരയിടം കത്തി നശിക്കാനിടയായത്.
ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ നാട്ടിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും ഇടുക്കി പോലീസിലും പരാതി നൽകിയിട്ടുണ്ട്.