ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് സിഐയുടെ ക്രൂരമര്‍ദനം
1511810
Friday, February 7, 2025 12:00 AM IST
നെടുങ്കണ്ടം: കമ്പംമെട്ട് പോലീസിന്റെ അതിക്രമത്തില്‍ പരുക്കേറ്റയാള്‍ക്ക് സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും നീതി ലഭിക്കുന്നില്ലെന്ന് പരാതി. ഡിസംബര്‍ 31ന് രാത്രിയിലാണ് ഓട്ടോ റിക്ഷാ ഡ്രൈവറായ കുമരകംമെട്ട് ചെരികുന്നേല്‍ മുരളീധരനെ (56) പോലീസ് ക്രൂരമായി മര്‍ദിച്ചത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഒത്തുകൂടിയ നാട്ടുകാര്‍ക്കു നേരേയാണ് പോലീസിന്റെ അതിക്രമം ഉണ്ടായത്. കൂട്ടാറിലെ കരുണാപുരം പഞ്ചായത്ത് ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന നാട്ടുകാരുടെ സമീപത്തേക്ക് എത്തിയ പോലീസ് ആക്രമിക്കുകയുമായിരുന്നു. ചിലരെ തള്ളിമാറ്റിയ സിഐ ഷമീര്‍ഖാന്‍ ഓട്ടോ റിക്ഷാ ഡ്രൈവറായ മുരളീധരന്റെ മുഖത്ത് അടിച്ചു. താഴെ വീണ മുരളീധരന്റെ ഒരു പല്ല് ഒടിഞ്ഞു പോയി. എഴുന്നറ്റ് വന്ന മുരളീധരനെ വീണ്ടും സിഐ മര്‍ദിച്ചു. അടുത്ത ദിവസം ഇയാള്‍ സ്വകാര്യ ദന്താശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നു. സംഭവത്തെത്തുടര്‍ന്ന്, ആശുപത്രി ചെലവുകള്‍ വഹിക്കാമെന്ന് അറിയിച്ച് ഒത്തുതീര്‍പ്പിനും പോലീസ് ശ്രമിച്ചു. എന്നാല്‍, ആശുപത്രിച്ചെലവുകള്‍ നല്കാന് പോലീസ് തയാറായില്ല. തുടര്‍ന്ന് മുരളീധരന് ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.
ഇതിനിടെ മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി എസ്പി ടി.കെ. വിഷ്ണു പ്രദീപ്, കട്ടപ്പന എഎസ്പിക്ക് നിര്‍ദേശം നല്കി.
അതേസമയം, രാത്രിയില്‍ വാഹന യാത്രികര്‍ക്ക് തടസം സൃഷ്ടിച്ച് റോഡില്‍ പടക്കം പൊട്ടിയ്ക്കുകയും ആഘോഷം നടത്തുകയും ചെയ്തതായി വാഹനയാത്രികര്‍ പരാതിപ്പെട്ടിരുന്നെന്നും തുടര്‍ന്ന് വിവരം അന്വേഷിച്ച് എത്തുകയുമായിരുന്നുവെന്നുമാണ് പോലീസിന്റെ വിശദീകരണം.