വിമലൻ ഉൾപ്പെട്ട സംഘം കാട്ടിൽ പോയത് ഫയര്‍ലൈന്‍ തെളിക്കാൻ
1511808
Friday, February 7, 2025 12:00 AM IST
മറയൂർ: കാട്ടാന കൊലപ്പെടുത്തിയ കാന്തല്ലൂർ ചമ്പക്കാട് കുടി സ്വദേശി വിമലൻ ഉൾപ്പെടെ ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ഫയര്‍ ലൈന്‍ തെളിക്കാൻ കാട്ടില്‍ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. ഏറ്റവും മുന്നിലായിട്ടാണ് വിമലനുണ്ടായിരുന്നത്.
മുള്ളുകൾ നിറഞ്ഞ കള്ളിച്ചെടി പടർപ്പിനുള്ളൽ നിന്നിരുന്ന ആനയുടെ മുന്നില്‍പ്പെട്ട വിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്.
ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തതായി കൂടെയുണ്ടായിരുന്ന സോമൻ പറഞ്ഞു. സംഭവം നടന്നയുടനെ ചിന്നാറിലെ വനം ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥർ വാഹനവുമായി എത്തി. 10 മിനിറ്റോളം സംഭവ സ്ഥലത്തു നിലയുറപ്പിച്ചിരുന്ന ആന മാറിയ ഉടനെ വിമലിനൊപ്പമുണ്ടായിരുന്നവർ ഇദ്ദേഹത്തെ തോളിലേറ്റി റോഡിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ വിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ മറയൂരിലെ ഫാമിലി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. മറയൂർ ചന്ദന ഡിവിഷൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ജെ. സുഹൈബ്, മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ. അരുൺ, ചിന്നാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രജശേഖരൻ, ദേവികുളം തഹസിൽദാർ എൽ.എസ്. സന്തോഷ്കുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി തഹസിൽദാർമാരായ എസ്. ബഷീർ, പി.എ. റഹീം എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.
കാർത്തികയാണ് വിമലന്റെ ഭാര്യ. മക്കൾ: ബിനു, കവിത. മരുമകൾ: ദേവി. സഹോദരങ്ങൾ: ശശി, രംഗൻ, പ്രകാശൻ, ഉഷ, രാജമ്മ.