കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല: എം.വി. ഗോവിന്ദൻ
1511805
Friday, February 7, 2025 12:00 AM IST
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൈവശക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇവർക്ക് എല്ലാവർക്കും പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു ഗാന്ധിസ്ക്വയറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലെ ഭൂ പ്രശ്നപരിഹാരത്തിന് ഭൂപതിവ് നിയമം ഭേദഗതി ചെയ്തു. ചട്ടം രൂപീകരിച്ചു വരികയാണ്. സംസ്ഥാനത്തെ എല്ലാ ഭൂ ഉടമകൾക്കും അവരുടെ ഭൂമിക്ക് കൃത്യമായ രേഖ നൽകും.ഇതിനുള്ള നടപടികളും നടന്നുവരികയാണെന്നു അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരു പോലെ എതിർക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യസംസ്ഥാനമായി നവംബർ ഒന്നിന് കേരളം മാറും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഈ നേട്ടം കൈവരിക്കാനാവില്ല. കമ്യൂണിസ്റ്റ്കാരന് തോൽവിയിൽ നിരാശയും വിജയത്തിൽ അമിതാഹ്ലാദവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അധ്യക്ഷത വഹിച്ചു. എം.എം. മണി എംഎൽഎ, കെ.കെ. ജയചന്ദ്രൻ, പി.എഫ്. രാജൻ, കെ.എസ്. മോഹനൻ, ജില്ലാ കമ്മിറ്റിയംഗം വി.വി. മത്തായി, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, മുൻ എംപി ജോയ്സ് ജോർജ്, റോമിയോ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
മൂന്നു ദിവസമായി നടന്നു വന്ന ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ചു റെഡ് വോളന്റിയർമാർ പങ്കെടുത്ത പരേഡും പ്രകടനവും നടന്നു. ഗതാഗതക്രമീകരണം ഒരുക്കിയിരുന്നെങ്കിലും പല ജംഗ്ഷനുകളിലും വാഹന ഗതാഗതം തടസപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ റെഡ് വാളണ്ടിയർ പരേഡിനെ അഭിവാദ്യം ചെയ്തു.
വന്യമൃഗ ആക്രമണം: വനംവകുപ്പിന്റെ
നടപടി ശാസ്ത്രീയമല്ലെന്ന് സിപിഎം
തൊടുപുഴ: ജില്ലയിലെ വന്യജീവി ആക്രമണവും സങ്കീർണമായ ഭൂ പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. ജില്ലയിൽ ഇന്നലെയും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് ശാസ്ത്രീയ പഠനം നടത്തണം. വന്യജീവികളുടെ എണ്ണം കൂടുന്പോൾ വിദേശ രാജ്യങ്ങളിൽ കൊന്ന് നിയന്ത്രിക്കാറുണ്ട്. അത്തരം നിയമം ഇവിടെയും വരണം. കേന്ദ്ര വനം നിയമത്തിൽ മാറ്റം വരുത്തണം.
വന്യജീവി ആക്രമണം തടയാൻ വനം ഉദ്യോഗസ്ഥർ ഇപ്പോൾ ചെയ്യുന്ന നടപടികൾ പലതും ശാസ്ത്രീയമല്ല. മുൻപ് ഒരു കാട്ടാന ചരിഞ്ഞപ്പോൾ ഉദ്യോഗസ്ഥർ അവിടുത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. വനത്തിൽ വന്യജീവികൾക്ക് തീറ്റയും വെള്ളവും ഒരുക്കാനുള്ള പദ്ധതി തട്ടിപ്പാണ്. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാനുള്ള പദ്ധതിയാണ് ഒരുക്കേണ്ടത്. ഭൂനിയമ ഭേദഗതിയുടെ ചട്ടങ്ങൾ ഉടൻ തന്നെ രൂപീകരിക്കും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ 11ന് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിയിൽ നാലുപേർ പുതുമുഖങ്ങൾ
തൊടുപുഴ: സിപിഎം ജില്ലാ കമ്മിറ്റിയിൽ നാലു പേരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ നാലു പേരെ വിവിധ കാരണങ്ങളാൽ ഒഴിവാക്കി. കെ.ജി.സത്യൻ, എം. തങ്കദുരൈ, തിലോത്തമ സോമൻ, ലിസി ജോസ് എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. എൻ.കെ. ഗോപിനാഥ്. കെ.ആർ. സോദരൻ, സുശീല ആനന്ദ്, കെ.എം. ഉഷ എന്നിവരെ ഒഴിവാക്കി.
സി.വി. വർഗീസ്, പി.എസ്. രാജൻ, കെ.വി. ശശി, കെ.എസ്. മോഹനൻ, വി.എൻ. മോഹനൻ, വി.വി. മത്തായി, ആർ. തിലകൻ, റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ, എം.ജെ. മാത്യു, പി.എൻ. വിജയൻ, എൻ.വി. ബേബി, വി.എ. കുഞ്ഞുമോൻ, ജി. വിജയാനന്ദ്, കെ.എൽ. ജോസഫ്, കെ.ടി. ബിനു, എം. ലക്ഷ്മണൻ, ടി.കെ. ഷാജി, ആർ. ഈശ്വരൻ, മുഹമ്മദ് ഫൈസൽ, വി.ആർ. സജി, എൻ.പി. സുനിൽകുമാർ, എം.ജെ. വാവച്ചൻ, ടി.എസ്. ബിസി, എം.എൻ. ഹരിക്കുട്ടൻ, കെ.കെ. വിജയൻ, പി.ബി. സബീഷ്, രമേശ് കൃഷ്ണൻ, ടി.എം. ജോണ്, സുമ സുരേന്ദ്രൻ, വി. സിജിമോൻ, പി.പി. സുമേഷ്, വി.വി. ഷാജി, ടി.കെ. ശിവൻനായർ, ടി.ആർ. സോമൻ എന്നിവരെ 39 അംഗ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി.