വിരമിക്കാൻ മാസങ്ങൾ മാത്രം; മോളി ടീച്ചർ യാത്രയായി
1496395
Saturday, January 18, 2025 11:52 PM IST
ചെറുതോണി: മേയ് 31ന് അധ്യാപന ജീവിതത്തിൽനിന്നു വിരമിക്കാനിരുന്ന മോളി ടീച്ചർ ഈ ലോകത്തുനിന്നു തന്നെ വിരമിച്ചു. വാഴത്തോപ്പ് സെന്റ്് ജോർജ് ഹൈസ്കൂളിൽ 20 വർഷമായി പഠിപ്പിക്കുന്ന മോളി ജോർജാണ് മരണത്തിന് കീഴടങ്ങിയത്.
ദീർഘകാലമായി രോഗങ്ങൾക്കടിമയായ ടീച്ചർ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്കൂളിലെ മലയാളം അധ്യാപികയായ മോളി ടീച്ചർ കുട്ടികൾക്ക് ഒരു ഗുരുനാഥ എന്നതിലുപരി വാത്സല്യനിധിയായ ഒരു അമ്മയായിരുന്നു. സുഹൃത്തായും മുതിർന്ന സഹോദരിയായുമെല്ലാം ടീച്ചർ വിദ്യാർഥികൾക്ക് പ്രിയങ്കരിയായിരുന്നു.
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന മോളി ടീച്ചർ സഹപ്രവർത്തകരുമായി നല്ല സൗഹൃദം പുലർത്തിയിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരുമായി സ്നേഹത്തോടെ പെരുമാറുന്ന ടീച്ചറിന് വലിയൊരു സുഹൃദ് വലയമുണ്ട്. സഹപ്രവർത്തകയുടെ വേർപാട് വാഴത്തോപ്പ് സെന്റ്് ജോർജ് സ്കൂളിലെ അധ്യാപകരയൊകെ ദുഃഖിതരാക്കി.
പൂർവവിദ്യാർഥികളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ടീച്ചർ മാതൃകയാണ്. മോളി ടീച്ചറിനെ വാഴത്തോപ്പ് സെന്റ്് ജോർജ് സ്കൂളും സഹപ്രവർത്തകരും മാനേജ്മെന്റ് വിദ്യാർഥികളും നാട്ടുകാരുമെല്ലാം ചേർന്ന് ഇന്ന് യാത്രയാക്കും.