വലതുകര കനാൽ തുറക്കുന്നില്ല; വെള്ളത്തിനായി നെട്ടോട്ടം
1496397
Saturday, January 18, 2025 11:53 PM IST
തൊടുപുഴ: നടപ്പാലം നിർമാണത്തിന്റെ പേരിൽ എംവിഐപി യുടെ വലതുകര കനാൽ തുറക്കുന്നത് നീളുന്നതോടെ ദുരിതത്തിലായത് നിരവധി കുടുംബങ്ങൾ. ജനുവരി എട്ടിന് ഇടത്, വലതുകര കനാലുകൾ തുറക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ ഇടതുകര ആറിന് തുറന്നെങ്കിലും വലതുകര ഇടവെട്ടി ക്ഷേത്രത്തിന് സമീപം നടപ്പാലം നിർമിക്കുന്നതിനാൽ കനാൽ തുറക്കുന്നത് നീളുകയായിരുന്നു. മലങ്കരയിൽനിന്ന് കനാലിലൂടെ എത്തുന്ന വെള്ളമാണ് വിവിധ പ്രദേശങ്ങളിലെ കിണറുകളെയും തോടുകളെയും ജലസന്പുഷ്ടമാക്കി കുടിവെള്ള പ്രശ്നം ഇല്ലാതാക്കുന്നത്.
2018ലെ പ്രളയത്തിനുശേഷം കനാലുകൾ തുറക്കുന്ന സമയം ജലസേചന അഥോറിട്ടി മാറ്റുകയായിരുന്നു. നേരത്തെ ഡിസംബർ രണ്ടാം വാരം തുറന്നിരുന്ന കനാലുകൾ പിന്നീട് ജനുവരി പാകുതിയിലേക്ക് നീട്ടി. ഇടത്-വലത് കര എന്നിങ്ങനെ 70 കിലോ മീറ്ററോളം ദൂരത്തിലാണ് പ്രധാന കനാലുകൾ ഒഴുകുന്നത്. തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം, കല്ലൂർക്കാട്, ഏനാനെല്ലൂർ, ആനിക്കാട്, രണ്ടാറ്റിൻകര വഴി വലതുകര കനാൽ 27 കിലോമീറ്ററോളമാണ് ഒഴുകുന്നത്.
പ്രദേശത്തെ പ്രധാന ജലസ്രോതസായ കനാലിലെ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെയുള്ളവർ കഴിയുന്നത്. മഴ മാറിയതും ചൂട് കൂടിയതുമെല്ലാം മൂലം മിക്ക ജലസ്രോതസുകളും വറ്റിയനിലയിലാണ്. കിണറുകളിലും വെള്ളമില്ലാത്ത സാഹചര്യമായതോടെ പലരും പണം നൽകി പുറത്തുനിന്ന് വെള്ളം എത്തിക്കേണ്ടസാഹചര്യമാണ്. കഴിഞ്ഞവർഷവും ഇടുക്കി സംഭരണിയിൽ വെള്ളമില്ലെന്ന കാരണത്താൽ കനാൽ തുറക്കുന്നത് നീണ്ടുപോയിരുന്നു.അതേസമയം ഇത്തരം ജോലികൾ നേരത്തേ തീർക്കണമെന്ന ആവശ്യം കഴിഞ്ഞ ഏതാനം വർഷങ്ങളായി ശക്തമാണ്. എന്നാൽ അനുമതികൾ വൈകുന്നതും ഫണ്ട് ലഭിക്കാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് വർഷങ്ങളായി കനാലിലൂടെ വെള്ളം വിടുന്നതിന് മുന്പായി ശുചീകരണമോ അറ്റകുറ്റപണികളോ നടത്താറില്ല.
പ്രധാന ജലസ്രോതസ്
മുട്ടത്തിന് സമീപം മലങ്കരയിൽ സ്ഥിതിചെയ്യുന്ന ജലസംഭരണിയിൽനിന്ന് ആരംഭിക്കുന്ന കനാലാണ് മലങ്കര എംവിഐപി കനാൽ. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ തൊടുപുഴ ആറിന്റെ തുടക്കവും ഇവിടെ നിന്ന് തന്നെയാണ്. മൂലമറ്റം പവർ ഹൗസിലൂടെ എത്തുന്ന ഇടുക്കി അണക്കെട്ടിലെ വെള്ളമാണ് മലങ്കരയുടെ പ്രധാന ജലസ്രോതസ്.
1975-ൽ നിർമാണം ആരംഭിച്ച ജലസേചന പദ്ധതി 1994ലാണ് ഭാഗികമായി കമ്മീഷൻ ചെയ്യുന്നത്. പെരുമറ്റം, കോലാനി, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, ആറൂർ, മണ്ണത്തൂർ, കടുത്തുരുത്തി, കടപ്പൂർ, ഏറ്റുമാനൂർ വരെയാണ് ഇടതുകര കനാൽ ഒഴുകുന്നത്. 39 കിലോ മീറ്ററോളം ദൂരമാണ് ഇതിനുള്ളത്. ഇരു കനാലുകൾക്കും മറ്റിടങ്ങളിലേയ്ക്ക് വെള്ളമെത്തുന്നതിനായി നിരവധി ചെറുപോഷക കനാലുകളും ഉണ്ട്.
മഴക്കാലം ആരംഭിക്കുന്നതോടെ ഇവ അടയ്ക്കുകയാണ് പതിവ്. അതേസമയം ഇടതുകര കനാൽ 20നുതുറക്കുമെന്ന് എംവിഐപി അധികൃതർ അറിയിച്ചു. നടപ്പാലത്തിന്റെ പണികൾ അന്തിമഘട്ടത്തിലാണ്. പാലം കോണ്ക്രീറ്റ് ചെയ്തിട്ട് പത്തുദിവസം കഴിഞ്ഞതായും മുട്ട് നൽകിയിരിക്കുന്നതാണ് വെള്ളം വിടാൻ തടസമെന്നും 14 ദിവസം പൂർത്തിയായാൽ വെള്ളം തുറന്നുവിടാൻ സാധിക്കുമെന്നും എംവിഐപി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.