നഗരസഭാ വഴിവിളക്ക്: കുറഞ്ഞ ടെൻഡർ അംഗീകരിക്കും
1496401
Saturday, January 18, 2025 11:53 PM IST
തൊടുപുഴ: വഴിവിളക്കിനെച്ചൊല്ലി നഗരസഭയിൽ ഉയർന്നുനിന്ന തർക്കങ്ങൾക്കും വിവാദങ്ങൾക്കും താത്കാലിക വിരാമം. നഗരത്തിലെ വഴി വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഏറ്റവും കുറഞ്ഞ ടെൻഡർ അംഗീകരിക്കാൻ ഇന്നലെ നടന്ന നഗരസഭാ പ്രത്യേക കൗണ്‍സിൽ യോഗം തീരുമാനിച്ചു.
അഞ്ച് ടെൻഡറാണ് ഇതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കു മുന്നിലെത്തിയത്. ഇതിൽ ടെൻഡർ തുകയിൽനിന്നു 15 ശതമാനം താഴ്ത്തി ജോലികൾ ഏറ്റെടുക്കാൻ തയാറായ കരാറുകാരനെ ജോലി ഏൽപ്പിക്കാനാണ് തീരുമാനിച്ചത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്ന് നിയമപരമായ അനുമതി വാങ്ങി ആയിരിക്കും കരാർ നൽകുക. നിലവിൽ കുറഞ്ഞ ടെൻഡർ തുക നൽകിയ കരാറുരകാരന് ബി ക്ലാസ് ലൈസൻസ് ആണുള്ളതെന്നാണ് സൂചന. അതിനാൽ ഇയാൾക്ക് കരാർ നൽകാൻ കഴിയുമോയെന്ന കാര്യത്തിലാണ് ഇല്കട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി തേടുക. നഗരസഭയിലെ വഴിവിളക്കുകളെ സംബന്ധിച്ച് ഏറെ നാളായി നഗരസഭാ കൗണ്‍സിലിൽ ഭരണ -പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം പതിവായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ യോഗത്തിലും വഴിവിളക്കിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ടെൻഡർ തുകയിൽനിന്നു 15 ശതമാനം താഴ്ത്തി ജോലികൾ ഏറ്റെടുക്കാൻ കരാറുകാരൻ തയാറായിട്ടുണ്ടെന്ന കാര്യത്തെ സംബന്ധിച്ചാണ് വെള്ളിയാഴ്ച നടന്ന കൗണ്‍സിലിൽ ചർച്ച നടന്നത്. പുതുതായി വന്ന ടെൻഡറുകളിൽ കുറഞ്ഞ തുക മുന്നോട്ടു വച്ചവർക്ക് കരാർ നൽകണമെന്ന നിലപാടിലായിരുന്നു യുഡിഎഫ്, ബിജെപി കൗണ്‍സിലർമാർ. എന്നാൽ ഇടത് കൗണ്‍സിലർമാരായ ജോസ് മഠത്തിൽ, നിധി മനോജ് എന്നിവർ ഇതിനെ എതിർത്തു. നഗരസഭയിലെ ഇലക്ട്രിക്കൽ എൻജനീയറുടെ നിർദേശം സ്വീകരിച്ച് മാത്രമേ ടെണ്ടർ നടപടികളിൽ തീരുമാനം എടുക്കാവൂ എന്നായിരുന്നു ഇവരുടെ ആവശ്യം.
ഒന്നിലെറെ തവണ ടെൻഡർ ക്ഷണിച്ചിട്ടും കരാർ നൽകാനാവാത്തതിന് കാരണം ഭരണകക്ഷിയിലെ ഭിന്നതയാണെന്ന് യുഡിഎഫ് നേതൃത്വവും ആരോപിച്ചു. തർക്കം രൂക്ഷമായതോടെയാണ് ഇന്നലെ വീണ്ടും വഴിവിളക്ക് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗണ്‍സിൽ യോഗം ചേരാൻ തീരുമാനിച്ചത്.