തൊടുപുഴ നഗരസഭയിൽ പദ്ധതി നിർവഹണം നിലച്ചു ; എഇയെ നിയമിക്കണം; മന്ത്രിക്കു നിവേദനം
1496398
Saturday, January 18, 2025 11:53 PM IST
തൊടുപുഴ: നഗരസഭയിൽ അസിസ്റ്റന്റ് എൻജിനിയറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കൗണ്‍സിലർമാരായ അഡ്വ. ജോസഫ് ജോണ്‍, ആർ.ഹരി, ജോസ് മഠത്തിൽ എന്നിവർ മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി. കഴിഞ്ഞ ഏതാനും മാസങ്ങളായി തൊടുപുഴ നഗരസഭയിൽ അസിസ്റ്റന്റ് എൻജിനിയർ ഇല്ലാത്തതിനാൽ പൊതുമരാമത്ത് ജോലികൾ സ്തംഭിച്ചിരിക്കുകയാണ്.
നഗരസഭാ എൻജിനിയറെ വിജിലൻസ് കേസിൽ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തതിനുശേഷം പുതിയ എഇയെ നിയമിച്ചിട്ടില്ല. 2024-25 വർഷത്തെ മരാമത്ത് ജോലികളിൽ ഒന്നുപോലും നിർവഹണം ആരംഭിക്കുകയോ പദ്ധതി ഫണ്ടിൽ ഒരു രൂപ പോലും ചെലവാക്കാകയോ ചെയ്തിട്ടില്ല. മാർച്ച് 31നകം പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ വൻ തുക നഗരസഭയ്ക്ക് നഷ്ടപ്പെടുമെന്നും കൗണ്‍സിലർമാർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 82 എൻജിനീിയർമാരെ ഒരുമിച്ച് നിയമിച്ചിട്ടും തൊടുപുഴയിൽ ഉദ്യോഗസ്ഥനെ നിയമിക്കാത്തത് കടുത്ത അവഗണനയാണെന്നു കൗണ്‍സിലർമാർ ആരോപിച്ചു. തൊടുപുഴ നഗരസഭാ ചെയർപേഴ്സണ്‍ നിരുത്തരവാദപരമായാണ് ഇക്കാര്യത്തിൽ പ്രവർത്തിച്ചതെന്നും ഇത് നഗരത്തിലെ ജനങ്ങളോടുള്ള വലിയ വെല്ലുവിളിയും അവഗണനയും ആണെന്നും അവർ ആരോപിച്ചു.